ന്യൂഡൽഹി: പ്രകോപനപരമായ പ്രസംഗത്തിന്റെ പേരിൽ എഴുത്തുകാരി അരുന്ധതി റോയിയെയും കശ്മീർ കേന്ദ്രസർവകലാശാല മുൻ പ്രഫസർ ശൈഖ് ഷൗഖത്ത് ഹുസൈനെയും പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന അനുമതി നൽകി.
2010 നവംബർ 29 ന് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റിന്റെ നിർദേശപ്രകാരം, രാജ്യദ്രോഹക്കുറ്റം, വിവിധ സംഘങ്ങൾക്കിടയിൽ ശത്രുത വളർത്തൽ തുടങ്ങിയ കുറ്റങ്ങൾക്ക് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി മുതിർന്ന ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പൊതു ജനദ്രോഹവുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്കും അവർക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. 1967ലെ നിയമവിരുദ്ധ പ്രവർത്തന നിയമത്തിന്റെ (യു.എ.പി.എ) സെക്ഷൻ 13 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
റോയിയെയും ഹുസൈനെയും കൂടാതെ അന്നത്തെ തെഹ്‌രീകെ ഹുറിയത്ത് ചെയർമാനുമായ സയ്യിദ് അലി ഷാ ഗീലാനിയും ഡൽഹി സർവകലാശാല മുൻ പ്രഫസറുമായ സയ്യിദ് അബ്ദുൽ റഹ്മാൻ ഗീലാനിയും ഭീമ-കൊറേഗാവ് കേസിലെ പ്രതി കൂടിയായ മാവോയിസ്റ്റ് അനുഭാവി വരവര റാവുവും പരിപാടിയിൽ പങ്കെടുത്തിരുന്നതായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുന്നതിനുള്ള കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുത്തവർ പരസ്യമായി പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയെന്നാരോപിച്ച് കശ്മീരിൽ നിന്നുള്ള സാമൂഹിക പ്രവർത്തകനായ സുശീൽ പണ്ഡിറ്റ് 2010 ഒക്ടോബർ 28നാണ് തിലക് മാർഗ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
2010 ഒക്ടോബർ 21നായിരുന്നു കോപർനിക്കസ് മാർഗിലെ എൽ.ടി.ജി ഓഡിറ്റോറിയത്തിൽ വെച്ച് പരിപാടി നടന്നത്. കശ്മീർ ഇന്ത്യയിൽ നിന്ന് വേർപെടുത്തുക എന്ന വിഷയാണ് ചർച്ച ചെയ്ത് പ്രചരിപ്പിച്ചത് എന്നായിരുന്നു പരാതിക്കാരന്റെ ആരോപണം. ജനങ്ങളുടെ സമാധാനവും സുരക്ഷയും അപകടത്തിലാക്കുന്ന തരത്തിലുള്ള പ്രകോപനപരമായ പ്രസംഗങ്ങളായിരുന്നു പരിപാടിയിൽ നടത്തിയതെന്നും ആക്ഷേപമുണ്ടായി. പരാതിക്കാരൻ പിന്നീട് പിന്നീട് സി.ആർ.പി.സി സെക്ഷൻ 156(3) പ്രകാരം ന്യൂഡൽഹി മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ പരാതി നൽകി. കേസിലെ കുറ്റാരോപിതരായിരുന്ന അലിഷാ ഗീലാനിയും അബ്ദുൽ റഹ്മാൻ ഗീലാനിയും മരണപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.