ചെന്നൈ: പുതുച്ചേരി നിയമസഭയിൽ മുഖ്യമന്ത്രി വി.നാരായണസാമി ഫെബ്രുവരി 22ന് ഭൂരിപക്ഷം തെളിയിക്കണമെന്ന് ലഫ്. ഗവർണർ തമിഴിസൈ സൗന്ദരരാജൻ.
വ്യാഴാഴ്ച രാവിലെ ലഫ്. ഗവർണർ ചുമതലയേറ്റ് മണിക്കൂറുകൾക്കകമാണ് ഉത്തരവിറങ്ങിയത്. കഴിഞ്ഞ ദിവസം ഒരു എം.എൽ.എ കൂടി രാജിവെച്ചതോടെയാണ് കോൺഗ്രസ്-ഡി.എം.കെ സഖ്യസർക്കാരിന്റെ ഭാവി തുലാസിലായത്.
കേവല ഭൂരിപക്ഷം നഷ്ടമായ കോൺഗ്രസ് സർക്കാറിനെതിരെ അവിശ്വാസ പ്രമേയത്തിന് എൻ.ആർ കോൺഗ്രസ് നേതാവ് രംഗസാമിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കൾ ശ്രമം തുടങ്ങിയിരുന്നു. നിയമസഭ വിളിച്ച് ഭൂരിപക്ഷം തെളിയിക്കാൻ മുഖ്യമന്ത്രി വി. നാരായണസാമിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച രാവിലെ ലഫ്. ഗവർണറുടെ സെക്രട്ടറിയെ കണ്ട് 14 എം.എൽ.എമാർ ഒപ്പിട്ട നിവേദനം നൽകിയിരുന്നു.
തെരഞ്ഞെടുക്കപ്പെട്ട സർക്കാറുകളെ അട്ടിമറിച്ച് ഭരണം കൈക്കലാക്കുന്ന തന്ത്രം പുതുച്ചേരിയിൽ നടക്കില്ലെന്നും ഇൗ ഗൂഢനീക്കത്തെ നേരിടുമെന്നും മുഖ്യമന്ത്രി നാരായണസാമി അറിയിച്ചു. രാജ്യത്ത് കോൺഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാറുകളെ ഇല്ലാതാക്കുകയാണ് ഇവരുടെ നയം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 18 മണ്ഡലങ്ങളിൽ മത്സരിച്ച ബി.ജെ.പിക്ക് കെട്ടിവെച്ച കാശ് പോലും കിട്ടിയില്ല. ഒന്നോ രണ്ടോ എം.എൽ.എമാർ രാജിവെച്ചാലും ജനം ഡി.എം.കെ- കോൺഗ്രസ് സഖ്യത്തോടൊപ്പമാണെന്നും നാരായണസാമി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.