ഫഗ്വാര: ട്രെയിനിടിച്ച് പരിക്കേറ്റ കൗമാരക്കാരൻ മരിച്ചതിനെ തുടർന്ന് ബന്ധുക്കൾ ഡോക്ടറെ മർദിച്ചതിൽ പ്രതിഷേധിച്ച് പഞ്ചാബിലെ ഫഗ്വാരയിൽ ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫുകളും പണിമുടക്കി. സിവിൽ ആശുപത്രിയിലെ ജീവനക്കാരാണ് സമരം തുടങ്ങിയത്. ഡോക്ടർമാരുടെ സമരം എട്ടുമണിക്കൂറോളം നീണ്ടു. ഭോലാത്ത്, സുൽത്താൻപൂർ ലോധി, കപൂർത്തല എന്നിവയുൾപ്പെടെ സമീപ പ്രദേശങ്ങളിലെ ആശുപത്രികളിലെ ഡോക്ടർമാരും ഇവരോട് ഐക്യദാർഢ്യപ്പെട് അൽപ്പസമയത്തേക്ക് ജോലി നിർത്തിവെച്ച് പ്രതിഷേധിച്ചു.
ഫഗ്വാര അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ നയൻ ജസ്സാലും മറ്റ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഡോക്ടറെ മർദിച്ചവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നതുവരെ സമരം അവസാനിപ്പിക്കാൻ ഡോക്ടർമാർ തയാറായില്ല. ആശുപത്രിയിൽ ആവശ്യത്തിന് സുരക്ഷാ ജീവനക്കാരെ നിയോഗിക്കണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടു.
ശനിയാഴ്ച രാവിലെ ഫഗ്വാര-ബംഗ റെയിൽ സെക്ഷനിൽ ശിവപുരിക്ക് സമീപം ട്രെയിൻ തട്ടി തലക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലാണ് അനൂജ് സിങ്ങ് (16) എന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പാട്ടുകേട്ടുകൊണ്ട് റെയിൽട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിക്കുകയായിരുന്നു.
എമർജൻസി മെഡിക്കൽ ഓഫീസർ ഡോ. ആശിഷ് ജെയ്റ്റ്ലി ചികിത്സിച്ചെങ്കിലും അനൂജ് മരണത്തിന് കീഴടങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രകോപിതരായ കുടുംബാംഗങ്ങൾ ഡോക്ടറെ മർദിക്കുകയായിരുന്നു. മറ്റ് രോഗികളുടെ പരിചാരകരാണ് ഡോക്ടറെ രക്ഷപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
കഴുത്തിലും മുതുകിലും കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ജെയ്റ്റ്‌ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അര ഡസൻ പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഒരു സ്ത്രീ ഉൾപ്പെടെ മൂന്നുപേരെ പിടികൂടിയതായും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജസ്പ്രീത് സിങ് അറിയിച്ചു.തുടർന്ന് ഡോക്ടർമാരും മറ്റ് ജീവനക്കാരും പ്രതിഷേധം അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.