ന്യൂഡൽഹി: പി.വി. നരസിംഹറാവുവിനെ ബി.ജെ.പിയുടെ ആദ്യ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മണിശങ്കർ അയ്യർ. കഴിഞ്ഞ ദിവസം തന്റെ ആത്മകഥയായ മെമ്മറീസ് ഓഫ് എ മെവറിക്: ദ ഫസ്റ്റ് ഫിഫ്റ്റ് ഇയേഴ്സ് (1941-1991) എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിൽ ദ വയറിനോട് സംസാരിക്കവേയായിരുന്നു മണിശങ്കർ ഇങ്ങനെ പറഞ്ഞത്. നരസിംഹറാവു വർഗീയ വാദിയാണെന്നും അദ്ദേഹം ആരോപിച്ചു.
ഒരിക്കൽ രാമേശ്വരത്ത് നിന്ന് അയോധ്യയിലേക്കുള്ള യാത്രക്കിടെ ഇന്ത്യ ഹിന്ദു രാജ്യമാണെന്ന് നരസിംഹറാവു പറഞ്ഞതായും എന്നാൽ ഇന്ത്യ മതേതര രാജ്യമാണെന്ന് പറഞ്ഞ് താൻ അദ്ദേഹത്തെ തിരുത്തിയതായും മണിശങ്കർ പറഞ്ഞു. 'ഇതൊരു ഹിന്ദു രാജ്യമല്ല. നമ്മുടേത് ഒരു മതേതര രാജ്യമാണ്, ഈ മതേതര രാജ്യത്ത് നമുക്ക് ഹിന്ദുക്കൾക്ക് വലിയ ഭൂരിപക്ഷമുണ്ട്, എന്നാൽ ഇവിടെ ഏകദേശം 200 ദശലക്ഷം മുസ്‍ലിംകളും മറ്റ് നിരവധി ക്രിസ്ത്യാനികളും ജൂതന്മാരും പാഴ്സികളും സിഖുകാരുമുണ്ട്. അപ്പോൾ നമുക്ക് എങ്ങനെ ഒരു ഹിന്ദു രാജ്യമാകും? നമുക്ക് ഒരു മതേതര രാജ്യമാകാൻ മാത്രമേ കഴിയൂ.'-എന്നായിരുന്നു തന്റെ മറുപടിയെന്നും മണിശങ്കർ വ്യക്തമാക്കി.
നരസിംഹറാവുവിന്റെ മനസിൽ വിഭാഗീയതയായിരുന്നുവെന്നും അദ്ദേഹം മതേതര ഇന്ത്യയെ വർഗീയ പാതിയിലേക്ക് നയിച്ചുവെന്നും അദ്ദേഹം വിമർശിച്ചു. 1991 മുതൽ 1996 വരെ റാവു പ്രധാനമന്ത്രിയായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്താണ് ബാബറി മസ്ജിദ് തകർക്കപ്പെട്ടത്. തുടർന്നുണ്ടായ വർഗീയ കലാപങ്ങളിൽ ആയിരക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു.-മണിശങ്കർ അയ്യർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.