മഹാവികാസ് അഘാഡി സർക്കാരിലെ സഖ്യ കക്ഷിയായ കോൺഗ്രസിനോട് കപട മതേതരത്വം ഉപേക്ഷിക്കാനാവശ്യപ്പെട്ട് ശിവസേനയുടെ മുഖപത്രമായ 'സാമ്ന'യിലെ എഡിറ്റോറിയൽ. ബി.ജെ.പിയെ നേരിടുന്നതിനായി ബദൽ മാർഗങ്ങൾ പരീക്ഷിക്കാൻ മുഖപത്രം കോൺഗ്രസിനോട് ആവശ്യപ്പെട്ടു.
'ദി കശ്മീർ ഫയൽസ്' പോലുള്ള സിനിമകളിലൂടെയും ഹിജാബ് വിവാദത്തിലൂടെയും ബി.ജെ.പി സൃഷ്ടിക്കുന്ന ധാരണകളെ എതിർക്കാൻ കോൺഗ്രസ് പുതിയ ആഖ്യാനങ്ങൾ സൃഷ്ടിക്കണമെന്ന് ശിവസേന പറഞ്ഞു.
ബി.ജെ.പിയുടെ സൈബർ ആർമി നിരവധി വ്യാജ പ്രചരണങ്ങൽ നടത്തുന്നു. ബംഗാളിലും മഹാരാഷ്ട്രയിലും ബി.ജെ.പി നേതാക്കൾ ഇത് പരീക്ഷിക്കാൻ ശ്രമിച്ചെങ്കിലും അത് പ്രാവർത്തികമാക്കാൻ കഴിഞ്ഞില്ലെന്നും പക്ഷെ ഉത്തർപ്രദേശിൽ അഖിലേഷ് യാദവിന്‍റെ നേതൃത്വത്തിൽ സമാജ്വാദി പാർട്ടി ബി.ജെ.പിക്കെതിരായി മികച്ച പോരാട്ടം നടത്തിയെന്നും എഡിറ്റോറിയൽ പറഞ്ഞു.
എതിർവിവരണങ്ങൾ സൃഷ്ടിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്നും പഴയതും പരമ്പരാഗതമായതുമായ രീതി ഉപയോഗിച്ച് തെരഞ്ഞെടുപ്പിനെ ഇന്ന് നേരിടാൻ കഴിയില്ലെന്നും എഡിറ്റോറിയൽ ചൂണ്ടിക്കാട്ടി.
ബി.ജെ.പിയുടെ പിന്തുണയുള്ള വി.പി സിങ് സർക്കാർ അധികാരത്തിലിരിക്കുമ്പോഴാണ് കശ്മീരി പണ്ഡിറ്റുകൾക്ക് കശ്മീർ താഴ്‌വരയിൽ നിന്ന് പുറത്തുപോകേണ്ടിവന്നതെന്നും കശ്മീരിന്‍റെ അന്നത്തെ ഗവർണർ ബി.ജെ.പിയുമായി അടുപ്പമുള്ള ജഗ്‌മോഹൻ മൽഹോത്ര ആയിരുന്നെന്ന സത്യം കോൺഗ്രസ് പറയണമെന്നും എഡിറ്റോറിയൽ ഓർമിപ്പിച്ചു.
കോൺഗ്രസ് അതിന്റെ പഴയ പാരമ്പര്യങ്ങളിൽ നിന്ന് പുറത്തുവരേണ്ടതുണ്ടതുണ്ടെന്ന് പറഞ്ഞ എഡിറ്റോറിയൽ ജി-23 നേതാക്കളെ വിമർശിക്കുകയും ഗാന്ധി കുടുംബത്തിന് മാത്രമേ കോൺഗ്രസിനെ നയിക്കാൻ സാധിക്കുള്ളുവെന്ന് പറഞ്ഞു. പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്കപ്പെടാതെ ഈ നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. ഇത് കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്‌നമാണെങ്കിലും പ്രതിപക്ഷ ഐക്യത്തിന് പാർട്ടിയുടെ പുനരുജ്ജീവനമാണ് പ്രധാനമെന്ന് എഡിറ്റോറിയൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.