കുത്തബ് മിനാർ 'വിഷ്ണു സ്തംഭം' എന്ന അവകാശവാദം ഭാവനയെന്ന് മുൻ എ.എസ്.ഐ ഉദ്യോഗസ്ഥൻ

ന്യൂഡൽഹി: കുത്തബ് മിനാർ യഥാർത്ഥത്തിൽ 'വിഷ്ണു സ്തംഭം' ആയിരുന്നെന്ന വി.എച്ച്‌.പിയുടെ അവകാശവാദം "വെറും ഭാവന"യാണെന്ന് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ (എ.എസ്‌.ഐ) മുൻ അഡീഷനൽ ഡയറക്ടർ ജനറൽ ബി. ആർ മണി. യുനെസ്‌കോയുടെ ലോക പൈതൃക പദവി 1993ൽ കുത്തബ് മിനാറിന് ലഭിച്ചിരുന്നു.

27 ഹിന്ദു ക്ഷേത്രങ്ങൾ തകർത്താണ് ഖുവ്വത്തുൽ-ഇസ്ലാം മസ്ജിദ്, കുത്തബ് മിനാർ എന്നിവ പണിതതെന്ന വാദത്തിന് യാതൊരു വസ്തുതകളുടെയും പിൻബലമില്ലെന്നും ഈ ക്ഷേത്രങ്ങൾ പുനർനിർമിക്കണമെന്ന ആവശ്യം അർത്ഥശൂന്യമാണെന്നും മണി പറഞ്ഞു. ഈ ക്ഷേത്രങ്ങൾ എവിടെയായിരുന്നെന്നതിന് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല.

മൂന്ന് പതിറ്റാണ്ടിലേറെയായി ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിൽ പ്രവർത്തിച്ചിരുന്ന മണി, നിലവിൽ ഇന്ത്യൻ ആർക്കിയോളജിക്കൽ സൊസൈറ്റിയുടെ വൈസ് ചെയർമാനാണ്.

കുത്തബ് മിനാർ സമുച്ചയത്തിലെ 27 ഹിന്ദു ക്ഷേത്രങ്ങളും പുനർനിർമ്മിക്കണമെന്നും അവിടെ ഹിന്ദു ആചാരങ്ങൾ പുനരാരംഭിക്കാൻ അനുവദിക്കണമെന്നും വിശ്വഹിന്ദു പരിസത്ത് (വി.എച്ച്.പി) ശനിയാഴ്ച സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

73 മീറ്റർ ഉയരമുള്ള കുത്തബ് മിനാർ യഥാർത്ഥത്തിൽ ഒരു ഹിന്ദു ഭരണാധികാരിയുടെ കാലത്ത് നിർമ്മിച്ച മഹാവിഷ്ണുവിന്റെ ക്ഷേത്രത്തിലെ ഒരു 'വിഷ്ണു സ്തംഭം' ആയിരുന്നുവെന്ന് സംഘടനയുടെ ദേശീയ വക്താവ് വിനോദ് ബൻസാലും അവകാശപ്പെട്ടിരുന്നു.

വി.എച്ച്‌.പി അവകാശവാദത്തെ കുറിച്ച് ചോദിച്ചപ്പോൾ മണിയുടെ മറുപടി ഇപ്രകാരമായിരുന്നു. "27 ക്ഷേത്രങ്ങൾ ഉണ്ടായിരുന്നതായി ഞാനും വിശ്വസിക്കുന്നു. അതിനെ പിന്തുണക്കുന്ന തെളിവുകളുണ്ട്. അതിൽ ആർക്കും സംശയമില്ല. എന്നാൽ ആ 27 ക്ഷേത്രങ്ങൾ എവിടെയാണ് സ്ഥിതിചെയ്യുന്നത്, അവയുടെ രൂപവും ഘടനയും ആർക്കും അറിയില്ല''.

''കൂടാതെ, കുത്തബ് കോംപ്ലക്‌സിലെ ഘടനകളിൽ എന്തെങ്കിലും മാറ്റം വരുത്തിയാൽ യുനെസ്കോയുടെ ലോക പൈതൃക പദവി പിൻവലിക്കുകയും വംശനാശഭീഷണി നേരിടുന്ന പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്യും. അത് വി.എച്ച്.പി ആയാലും മറ്റേതെങ്കിലും പാർട്ടിയായാലും ഇത് സംഭവിക്കാൻ ആരും ആഗ്രഹിക്കുന്നില്ല''.

എ.എസ്‌.ഐയിലെ 31 വർഷത്തെ സേവനത്തിനിടെ അയോധ്യയിലെ രാമജന്മഭൂമി-ബാബരി മസ്ജിദ് ഉൾപ്പെടെ ഇന്ത്യയിൽ 20 പുരാവസ്തു ഗവേഷണങ്ങൾക്ക് മണി നേതൃത്വം നൽകിയിരുന്നു.

കുത്തബ് മിനാർ യഥാർത്ഥത്തിൽ വിഷ്ണു ക്ഷേത്രത്തിന് മുകളിൽ നിർമ്മിച്ച 'വിഷ്ണു സ്തംഭം' ആണെന്ന വി.എച്ച്.പിയുടെ അവകാശവാദം നിരസിച്ച മണി, 1967ൽ സ്മാരകത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുന്നതിനായി സ്ഥലത്ത് 20-25 അടി ആഴത്തിൽ ഖനനം നടത്തിയിരുന്നുവെന്നും എന്നാൽ ഒരു തുമ്പും ലഭിച്ചിട്ടില്ലെന്നും പറഞ്ഞു. "ഇത് വെറും ഭാവനയാണ്. അവിടെ ഒന്നും ഉണ്ടായിരുന്നില്ല, അവിടെ ഒരു ക്ഷേത്രവും കണ്ടെത്തിയില്ല "-അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Qutab Minar not ‘Vishnu Stambh’: Ex-ASI official

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.