ഇന്ത്യയിലാകെ നിരവധി ആരാധകരുള്ള നടനാണ് ആർ. മാധവൻ. എന്നാൽ താൻ ആദ്യമായി സംവിധാനം ചെയ്യുന്ന റോക്കട്രി: ദി നമ്പി ഇഫക്റ്റ് എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ നടത്തിയ ഒരു പ്രസ്താവനയിൽ വെട്ടിലായിരിക്കുകയാണ് നടൻ. ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കാൻ ഐ.എസ്.ആർ.ഒയെ സഹായിച്ചത് ഹിന്ദു കലണ്ടറായ പഞ്ചാംഗ് ആണെന്നാണ് മാധവന്‍റെ പ്രസ്താവന.
നടന്‍റെ പ്രസ്താവന വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആർ.ഒയെ കുറിച്ചും അവരുടെ ചൊവ്വ ദൗത്യത്തെ കുറിച്ചും സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്‍റെ വിവാദ പ്രസ്താവന. ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കാനും അത് ചൊവ്വയുടെ ഭ്രമണപഥത്തിലെത്താനും ഐ.എസ്.ആർ.ഒയെ ഹിന്ദു കലണ്ടറായ പഞ്ചാംഗ് സഹായിച്ചെന്ന് അദ്ദേഹം അവകാശപ്പെട്ടു.
സിനിമ പ്രഖ്യാപിച്ചതു മുതൽ തിയറ്ററുകളിലെത്താൻ വേണ്ടി കാത്തിരിക്കുന്ന മാധവന്‍റെ ആരാധകരെയും ശാസ്ത്ര പ്രേമികളെയും നിരാശപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്‍റെ പ്രസ്താവന. നടന്‍റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. നിരവധി പേരാണ് നടനെ വിമർശിച്ചു കൊണ്ട് രംഗത്തെത്തിയത്.
ഒരു ചോക്ലേറ്റ് ബോയിൽ നിന്ന് ആർ.മാധവൻ ഇപ്പോൾ ഔദ്യോഗികമായി വാട്ട്‌സ്ആപ്പ് അമ്മാവനായി മാറിയിരിക്കുകയാണെന്ന തരത്തിലുള്ള കമന്‍റുകളാണ് അദ്ദേഹത്തിനെതിരെ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വാ തുറക്കുന്നത് വരെ മാത്രമാണ് അദ്ദേഹം സുന്ദരനെന്നതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ പ്സ്താവനയെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. ശാസ്ത്രത്തെ കുറിച്ച് എല്ലാവർക്കും അറിയണമെന്നില്ല. എന്നാൽ കാര്യങ്ങളെ കുറിച്ച് ഒരു ധാരണയുമില്ലാത്തപ്പോൾ വാ തുറക്കാത്തതാണ് നല്ലതെന്ന് മറ്റൊരാൾ അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകി.
മുൻ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞനും എയ്‌റോസ്‌പേസ് എഞ്ചിനീയറുമായിരുന്ന നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് റോക്കട്രി: ദി നമ്പി ഇഫക്റ്റ് എന്ന സിനിമ. ആർ. മാധവനാണ് ചിത്രത്തിൽ ടൈറ്റിൽ റോളിലെത്തുന്നത്. ജൂലൈ ഒന്നിന് തിയറ്ററുകളിലെത്തുന്ന സിനിമ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിലും പുറത്തിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.