ഘണ്ഡാ ഘർ ചൗരാഹ (നാൽ കവല) മുതൽ റായ്ബറേലി ജില്ല കോടതി വരേയുള്ള റോഡിനോരങ്ങളിൽ വിൽപനക്ക് വെച്ചിരിക്കുന്ന പച്ചക്കറികളിലും പഴങ്ങളിലും കൂടെ തങ്ങളുടെ തലയിലും വെള്ളം തളിച്ചുകൊണ്ടിരിക്കുകയാണ് വഴിയോര കച്ചവടക്കാർ. തൂവെള്ള തുണികൾ കൊണ്ട് തലയും മുഖവും ചുറ്റിക്കെട്ടിയാണ് ചൂടുകാലത്ത് ഉത്തരേന്ത്യയിൽ ജനം പുറത്തിറങ്ങാറുള്ളത്. മുഴുക്കൈ കുപ്പായങ്ങളും കൈയുറകളും ധരിച്ചും രണ്ട് കണ്ണൊഴിച്ച് മുഖവും തലയുമൊന്നാകെ വരിഞ്ഞുകെട്ടിയും സൂര്യാതപമേൽക്കാതെ നോക്കുകയാണ് ജനം. കൊടും താപത്തിൽ എരിപൊരി കൊണ്ട് ജനം പുറത്തിറങ്ങാൻ മടിക്കുമ്പോഴും ജില്ല കോടതി വളപ്പിലും അതിനഭിമുഖമായി നിൽക്കുന്ന കോൺഗ്രസ് ഓഫിസിലും ഒരു പോലെ തിരക്ക്.
തലക്ക് മുകളിൽ കത്തി നിൽക്കുന്ന ഉച്ചവെയിലിനെ തടുക്കാൻ പ്രചാരണത്തിനിറങ്ങുന്ന പ്രവർത്തകർക്ക് തൂവെള്ള തുണികൾ വിതരണം ചെയ്തുകൊണ്ടിരിക്കുകയാണ് റായ്ബറേലി ടൗൺ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സത്യേന്ദ്ര ശ്രീവാസ്തവ. ഇത്രയും നാൾ റായ്ബറേലി മണ്ഡലത്തിന്റെ എം.പിയായിരുന്ന സോണിയ ഗാന്ധിയുടെ ഓഫിസിന് മുന്നിലാണ് വിതരണം. കൊടുംചൂടിലും പ്രവർത്തകരുടെ ആവേശത്തിന് ഒരു കുറവുമില്ലല്ലോയെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ ഭൂരിപക്ഷം കൂട്ടാനുള്ള ഈ തിരക്കിനിടയിൽ ചൂട് നോക്കാനെവിടെ നേരമെന്ന് ശ്രീവാസ്തവ തിരിച്ചുചോദിച്ചു. ചൂട് ഇൻഡ്യ സഖ്യത്തിന്റെ പ്രവർത്തകരെ ബാധിച്ചിട്ടില്ല. ഗാന്ധി കുടുംബവും റായ്ബറേലിയും തമ്മിൽ നുറ്റാണ്ടോളം പഴക്കമുള്ള ഹൃദയ ബന്ധം ഈ തെരഞ്ഞെടുപ്പ് ഊട്ടിയുറപ്പിക്കും. ഉത്തർപ്രദേശിലെ പ്രതികൂല രാഷ്ട്രീയ സാഹചര്യത്തിനിടയിൽ പോലും 2019ൽ സോണിയ ഗാന്ധിയെ ഞങ്ങൾ ജയിപ്പിച്ചുവിട്ടതാണ്. 2019ൽ എന്തുമാത്രം വെല്ലുവിളികൾ അതിജീവിച്ചാണ് സോണിയഗാന്ധി റായ്ബറേലി നിലനിർത്തിയതെന്ന് ആലോചിക്കാൻ പോലുമാകില്ല. എന്നിട്ടും ശ്രീമതി ഗാന്ധിയെ തെറ്റില്ലാത്ത ഭൂരിപക്ഷത്തിന് ഞങ്ങൾ ലോക്സഭയിലെത്തിച്ചു. രാഹുൽ ഗാന്ധി പത്രിക സമർപ്പിച്ചതോടെ റായ്ബറേലിയിലെ ജനങ്ങൾക്കും ഗാന്ധി കുടുംബത്തിനുമിടയിൽ ഒരു തരത്തിലുള്ള ആശയക്കുഴപ്പവുമില്ല. രാഹുൽ ഗാന്ധി 101 ശതമാനവും ജയമുറപ്പിച്ച മണ്ഡലത്തിൽ ഭൂരിപക്ഷം നാല് ലക്ഷത്തിനപ്പുറം കടത്തുകയാണ് ലക്ഷ്യം. ഗാന്ധികുടുംബത്തെ ഈ മണ്ഡലം ഇപ്പോഴും ഹൃദയത്തോട് ചേർത്തുന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുമെന്നും ശ്രീവാസ്തവ പറഞ്ഞു.
ശ്രീവാസ്തവ പറയുന്നത് സാധൂകരിക്കുന്ന തരത്തിലാണ് റായ്ബറേലിയിലെ കാഴ്ചകളും സംസാരങ്ങളും. വീടുകൾക്കും കെട്ടിടങ്ങൾക്കും മുകളിൽ അവിടവിടെ പാറിക്കളിക്കുന്ന കോൺഗ്രസ് പതാകകൾ. അവക്കിടയിൽ അപൂർവമായ ബി.ജെ.പി പതാകകൾ. രാമക്ഷേത്ര പ്രാണപ്രതിഷ്ഠക്കും ശ്രീരാമ നവമിക്കും ഉയർത്തിയ കാവിക്കൊടികൾ പലയിടങ്ങളിലും കിടപ്പുണ്ട്.
വയനാട്ടിൽ ജയമുറപ്പിച്ച രാഹുൽ ഗാന്ധി റായ്ബറേലി കൂടി ജയിച്ചാൽ പിന്നെന്തു ചെയ്യുമെന്ന കാര്യത്തിൽ ഓഫിസിലുള്ള ഒരാൾക്കു പോലും സംശയമില്ല. ഉപതെരഞ്ഞെടുപ്പ് വയനാട്ടിലായിരിക്കും നടക്കുകയെന്നും അവർ തറപ്പിച്ചുപറയുന്നു. റായ്ബറേലി നിലനിർത്തുന്ന രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായി അധികാരമേൽക്കുമെന്നും 37ാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് യഗ്ദേവ് ശർമ പറയുമ്പോൾ ശ്രീവാസ്തവ അടക്കമെല്ലാവരും തലയാട്ടി ശരിവെക്കുന്നു. റായ്ബറേലിയിൽ രാഹുൽ രാജിവെച്ച് ഉപ തെരഞ്ഞെടുപ്പിൽ പ്രിയങ്ക വരുകയാണെങ്കിലോ എന്ന് ചോദിച്ചപ്പോൾ ഗാന്ധി കുടുംബത്തിൽനിന്ന് ആരു വേണമെന്ന് റായ്ബറേലി തീരുമാനിക്കുമെന്നായി മനസ്സിളകിയ ശർമയും പ്രവർത്തകരും.
65 സീറ്റിൽനിന്ന് ബി.ജെ.പിയെ 45ലേക്ക് താഴ്ത്താനുള്ള പരിശ്രമത്തിലാണ് കോൺഗ്രസ് - സമാജ് വാദി പാർട്ടി പ്രവർത്തകർ എന്ന് യഗ്ദേവ് ശർമ പറഞ്ഞു. ഇതിന് മുമ്പും കോൺഗ്രസും എസ്.പിയും സഖ്യമുണ്ടായിരുന്നുവെങ്കിലും ഇരുപാർട്ടിയിലെയും പ്രവർത്തകർ ഇതുപോലെ മണ്ണിലിറങ്ങി ഒരുമിച്ച് പണിയെടുത്തിരുന്നില്ല. 30നും 40നും സീറ്റിനുമിടയിൽ ഇൻഡ്യ സഖ്യം നേടുമെന്നും പ്രധാനമന്ത്രിയുടെ പ്രസംഗങ്ങൾ ഇൻഡ്യക്ക് കൂടുതൽ അനുകൂല സാഹചര്യമൊരുക്കുകയാണെന്നും ശർമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.