ക്ലാസ് മുറിയില്‍ നിന്ന് ജയിലിലേക്ക്; റഫീഖ് ഷായുടെ നഷ്ടം ജീവിതത്തിന്‍െറ സുവര്‍ണ നാളുകള്‍

ന്യൂഡല്‍ഹി:  ഡല്‍ഹിയെ നടുക്കിയ സ്ഫോടന പരമ്പര നടന്ന 2005 ഒക്ടോബര്‍ അഞ്ചിന് മുഹമ്മദ് റഫീഖ് ഷാ എന്ന കശ്മീരി വിദ്യാര്‍ഥി ശ്രീനഗറിലെ കോളജില്‍ ക്ളാസ്മുറിയിലായിരുന്നു. എന്നാല്‍,  സ്ഫോടനം നടന്ന് 21ാം ദിവസം ഡല്‍ഹി പൊലീസ് കോളജിലത്തെി റഫീഖ് ഷായെ പൊക്കി. ഡല്‍ഹി ഗോവിന്ദ്പുരിയില്‍ പൊട്ടിത്തെറിച്ച ഡി.ടി.സി ബസില്‍  ബോംബുവെച്ചത് റഫീഖ് ഷായെന്നായിരുന്നു പൊലീസ് കണ്ടത്തെിയത്. ഡല്‍ഹിയില്‍ ബോംബ് വെച്ചെന്ന് പറയുന്നദിവസം അവന്‍ കോളജില്‍ ഹാജരുണ്ടെന്ന് വിശദീകരിച്ച് കശ്മീര്‍ യൂനിവേഴ്സിറ്റി വി.സിയും അധ്യാപകരും സഹപാഠികളും മറ്റും  ഡല്‍ഹി പൊലീസ് മുമ്പാകെയത്തെി.
 

എങ്കിലും, റഫീഖ് ഷായുടെ നിരപരാധിത്വം അംഗീകരിക്കാന്‍ പൊലീസ് തയാറായിരുന്നില്ല.  ഒടുവില്‍ പൊലീസ് നിര്‍മിച്ച തെളിവുകള്‍ തള്ളി കോടതി റഫീഖ് ഷായെ കുറ്റമുക്തനാക്കി വെറുതെ വിട്ടത് കഴിഞ്ഞദിവസമാണ്.  പൊലീസ് പിടികൂടുമ്പോള്‍ എം.എ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്ന റഫീഖ് ഷായുടെ കൂടെയുണ്ടായിരുന്നവര്‍ പലരും   പഠിച്ച് പാസായി ഉദ്യോഗം നേടി നല്ലനിലയില്‍  കുടുംബ ജീവിതം നയിക്കുമ്പോള്‍ ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്ലിന്‍െറ കളിയില്‍ റഫീഖ് ഷാക്ക് നഷ്ടമായത് ജീവിതത്തിലെ നിര്‍ണായകമായ 12 വര്‍ഷമാണ്.  ഒരു തെറ്റും ചെയ്യാതെ ജീവപര്യന്തത്തോളം വരുന്ന കാലം  തിഹാര്‍ ജയിലില്‍ കഴിച്ചുകൂട്ടി  പുറത്തുവന്ന ഈ കശ്മീരി യുവാവിനു മുന്നില്‍ മുന്നോട്ടുള്ള ജീവിതം ചോദ്യചിഹ്നമാണ്.  
 

കശ്മീരി ആയതിനാലാണ് ഞാന്‍ ഇരയാക്കപ്പെട്ടതെന്ന് റഫീഖ് ഷാ പറയുന്നു.  സ്ഫോടനം നടന്നിട്ടും പ്രതികളെ പിടിക്കാനാകുന്നില്ളെന്ന പഴിയില്‍നിന്ന് രക്ഷപ്പെടാന്‍ അത് ഞങ്ങളുടെമേല്‍ കെട്ടിവെക്കുകയായിരുന്നു. പൊലീസിനെ സംബന്ധിച്ച്  കശ്മീരി യുവാക്കള്‍ എന്നും ദുര്‍ബലരായ ഇരകളാണ് -റഫീഖ് പറഞ്ഞു. പൊലീസ് കസ്റ്റഡിയില്‍ കൊടിയ പീഡനമാണ് റഫീഖ് ഉള്‍പ്പെടെയുള്ളവര്‍ നേരിട്ടത്. മൂത്രം കുടിപ്പിച്ചു. ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കി. കൈയില്‍ വിലങ്ങിട്ട് പാന്‍റിനുള്ളില്‍ എലിയെ പിടിച്ചിട്ടു. എന്നിട്ടും കുറ്റസമ്മതം നടത്താന്‍ വിസമ്മതിച്ചപ്പോള്‍  കള്ളസാക്ഷിയുണ്ടാക്കി.  തിരിച്ചറിയല്‍ പരേഡിനുമുമ്പ് റഫീഖ് ഷായെ സാക്ഷികള്‍ക്ക് കാണിച്ചുകൊടുക്കുകയും ചെയ്തു.
 

ഡല്‍ഹിയില്‍  സ്ഫോടനം നടന്ന സമയത്ത് താന്‍ ശ്രീനഗറിലായിരുന്നുവെന്ന് കാണിച്ച് റഫീഖ് ഷാ  അലിബി പെറ്റീഷന്‍ സമര്‍പ്പിച്ചെങ്കിലും ഫലമുണ്ടായില്ല. പാക് ഭീകരസംഘടനകളുമായുള്ള ബന്ധവും മറ്റും ആരോപിച്ച് ഹരജി തള്ളിക്കുകയായിരുന്നു.  എന്നാല്‍, വിചാരണ കോടതിയിലത്തെിയപ്പോള്‍ തെളിവുകള്‍ കോടതിയെ ബോധ്യപ്പെടുത്താന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. റഫീഖ് ഷാ കോളജില്‍ ഹാജരുണ്ടായിരുന്നുവെന്ന് കണ്ടത്തെിയ കോടതി പൊലീസിന്‍െറ ആരോപണങ്ങളെല്ലാം തള്ളി  വെറുതെവിടുകയായിരുന്നു.  റഫീഖ് ഷാക്കൊപ്പം പ്രതിചേര്‍ക്കപ്പെട്ട  മുഹമ്മദ് ഹുസൈന്‍ ഫാസിലിയെയും കോടതി വെറുതെവിട്ടു. വന്യമൃഗവേട്ടയുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയാണ് ഇയാളെ  പൊലീസ് ഭീകരക്കേസില്‍ പ്രതിചേര്‍ത്ത്  12 വര്‍ഷം തിഹാര്‍ ജയിലില്‍ അടച്ചത്.

 

Tags:    
News Summary - rafeeq sha story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.