ന്യൂഡൽഹി: സ്വരാജ് ഇന്ത്യ പാർട്ടി സ്ഥാപകനും ഭാരത് ജോഡോ അഭിയാൻ നാഷണൽ കൺവീനറുമായ യോഗേന്ദ്ര യാദവിനെ പിടിച്ചുതള്ളി വഞ്ചിത് ബഹുജൻ അഗാഡി പ്രവർത്തകർ. മഹാരാഷ്ട്രയിലെ അകോളയിൽ തിങ്കളാഴ്ച ഉച്ചക്ക് ശേഷം നടന്ന സെമിനാറിനിടെയായിരുന്നു സംഭവം.
ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യോഗേന്ദ്ര യാദവിന്റെ ഒപ്പമുണ്ടായിരുന്നവരാണ് അദ്ദേഹത്തെ സുരക്ഷിതമായി ഹാളിന് പുറത്തേക്ക് എത്തിച്ചത്. പിന്നീട് മുദ്രാവാക്യം വിളികളുമായി വഞ്ചിത് ബഹുജൻ അഗാഡി പ്രവർത്തകർ പ്രതിഷേധിച്ചുവെങ്കിലും പൊലീസെത്തി സ്ഥിതി ശാന്തമാക്കി.
ഭാരത് ജോഡോ അഭിയാന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്. സെമിനാറിനിടെ വഞ്ചിത് ബഹുജൻ അഗാഡി പ്രവർത്തകർ ചോദ്യവുമായി രംഗത്തെത്തുകയായിരുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്ക്കാൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു അവരുടെ ചോദ്യം.
സംവരണവിരുദ്ധ നിലപാട് സ്വീകരിക്കുകയും സംവരണം അവസാനിപ്പിക്കുകയും ചെയ്യണമെന്ന് പറയുകയും ചെയ്ത കോൺഗ്രസിനെ എന്തിനാണ് പിന്തുണക്കുന്നതെന്നായിരുന്നു വഞ്ചിത് ബഹുജൻ അഘാഡി പ്രവർത്തകരുടെ ചോദ്യം. ഇതിനിടെ സംഘർഷമുണ്ടാവുകയും തുടർന്ന് പരിപാടി നടക്കുന്ന ഹാളിന് പുറത്തേക്ക് യാദവിനെ കൊണ്ട് വരികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.