ന്യൂഡൽഹി: ''12 അടി നീളവും വീതിയുമുള്ള മുറി. ഒരു കമ്പ്യൂട്ടറിന് മുന്നിലായി മൂന്ന് ഇ.ഡി ഓഫിസർമാർ. അവരുടെ തുടർച്ചയായ ചോദ്യങ്ങൾ. ഇടക്കിടെ അവർ എഴുന്നേറ്റ് പോകുന്നുണ്ടായിരുന്നു. മുതിർന്ന ഓഫിസർമാരുമായി കാര്യങ്ങൾ ചർച്ച ചെയ്യാനായിരിക്കണം. ഏറ്റവും ഒടുവിലത്തെ ദിവസം 12 മണിക്കൂറായിരുന്നു ചോദ്യംചെയ്യൽ.
എഴുന്നേറ്റുപോകാതെ തുടർച്ചയായി കസേരയിൽ തന്നെ ഇരുന്നു ചോദ്യങ്ങൾക്ക് മറുപടി നൽകുമ്പോൾ ഇ.ഡി ഓഫിസർമാർ ചോദിച്ചു: ഞങ്ങൾ മടുത്തു. നിങ്ങൾ മടുത്തിട്ടില്ലല്ലോ. അതെന്താണ് കാര്യം? ''-അഞ്ചു ദിവസത്തിനിടയിൽ 54 മണിക്കൂർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത രീതിയെക്കുറിച്ച് പാർട്ടി പ്രവർത്തകരോട് വിശദീകരിക്കുകയായിരുന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിപാസന ധ്യാനം നടത്താറുള്ളതുകൊണ്ട് ഏഴോ എട്ടോ മണിക്കൂർ ഒറ്റയിരുപ്പ് ഇരിക്കേണ്ടി വന്നാലും തനിക്ക് പ്രശ്നമല്ലെന്ന് അവരോട് പറഞ്ഞു. അപ്പോൾ വിപാസന ധ്യാനത്തെക്കുറിച്ചായി ചോദ്യം. ക്ഷമാപൂർവം ചോദ്യങ്ങൾക്ക് മറുപടി പറയുകയും, അത് രേഖപ്പെടുത്തിയ കടലാസുകൾ വായിച്ച് ഒപ്പിടുകയും ചെയ്തു. അതിനിടയിൽ ഓഫിസർമാർ ചോദിച്ചു. ഇത്രത്തോളം ക്ഷമ എങ്ങനെ കിട്ടി? ഞാൻ മറുപടി പറഞ്ഞു:
2004 മുതൽ കോൺഗ്രസിലാണ് പ്രവർത്തിക്കുന്നത്. ക്ഷമ താനേ വരും. ആ പറഞ്ഞതിന്റെ അർഥം കോൺഗ്രസുകാർക്ക് മനസ്സിലാകാതിരിക്കില്ലെന്ന് എ.ഐ.സി.സി വളപ്പിലെ വേദിയിലുള്ള നേതാക്കളെ നോക്കി മുന്നിലുള്ള പ്രവർത്തകരോട് രാഹുൽ പറഞ്ഞു. ക്ഷമ താനേ വരും. സചിൻ പൈലറ്റ് ഇവിടെ ഇരിക്കുന്നു. അദ്ദേഹത്തിനറിയാം. അതുപോലെ മറ്റുള്ളവരുമുണ്ട്. അവർക്കെല്ലാം അറിയാം. എന്നാൽ 'അപ്പുറത്ത്' അങ്ങനെയല്ല. കൈ കൂപ്പി നിന്നാൽ കാത്തുനിൽപു വേണ്ട, കാര്യം നടക്കും. ''ഇ.ഡി ഓഫിസിൽ താൻ ഒറ്റക്കല്ലായിരുന്നു. മറ്റാരെയും ക്ഷണിച്ചിരുന്നില്ല. എന്നാൽ, കോൺഗ്രസിന്റെ എല്ലാ നേതാക്കളും പ്രവർത്തകരും അവിടെ ഉണ്ടായിരുന്നു. സർക്കാറിന്റെ വഴിവിട്ട രീതികൾ നിർഭയം എതിർക്കുന്ന എല്ലാവരും അവിടെ ഉണ്ടായിരുന്നു. ആ വിചാരത്തോടെയാണ് ചോദ്യം ചെയ്യൽ നേരിട്ടത്'' -രാഹുൽ പറഞ്ഞു.
ഇ.ഡി ഒന്നും ചെയ്യാൻ പോകുന്നില്ലെന്ന് രാഹുൽ പറഞ്ഞു. അത് ചോദ്യം ചെയ്തവർക്ക് മനസ്സിലായിട്ടുണ്ട്. ആരെയും ഭയക്കുന്നില്ല. തന്നെ ചോദ്യം ചെയ്തതൊക്കെ ചെറിയ വിഷയമാണ്. വലിയ വിഷയം, മോദിസർക്കാർ രാജ്യത്തോടു ചെയ്യുന്ന അനീതികളാണ്.
ചെറു വ്യവസായ സംരംഭങ്ങളെല്ലാം തകർത്തുകളഞ്ഞു. ആർക്കും തൊഴിൽ നൽകാൻ പോകുന്നില്ല. രണ്ടു മൂന്നു കോർപറേറ്റുകൾക്കുവേണ്ടി മോദി രാജ്യം ഭരിക്കുന്നു. കാർഷിക നിയമം കൊണ്ടുവന്നപ്പോൾ, അത് പിൻവലിക്കേണ്ടി വരുമെന്ന് താൻ പറഞ്ഞു. അതുതന്നെ സംഭവിച്ചു. അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.അഞ്ചു ദിവസത്തെ ചോദ്യം ചെയ്യൽ നേരിട്ട രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി എ.ഐ.സി.സി സംഘടിപ്പിച്ച പ്രവർത്തക യോഗത്തിൽ മുഖ്യമന്ത്രിമാരായ അശോക് ഗെഹ് ലോട്ട്, ഭൂപേഷ് ബാഘേൽ എന്നിവരും പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അധിർ രഞ്ജൻ ചൗധരി, പി. ചിദംബരം, കെ.സി. വേണുഗോപാൽ, സചിൻ പൈലറ്റ്, അജയ് മാക്കൻ തുടങ്ങിയവരും പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങളിൽനിന്ന് പ്രതിഷേധ പരിപാടികൾക്ക് എത്തിയ നേതാക്കളെ പിന്നീട് രാഹുൽ സംഘങ്ങളായി കണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.