ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരായ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്ടിന്‍റെ (ഒ.സി.സി.ആർ.പി) റിപ്പോർട്ട് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഗൗതം അദാനിക്കുമെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായി വിശദീകരിക്കണമെന്നും സംയുക്ത പാർലമെന്‍ററി സമിതി അന്വേഷിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
അദാനി ഗ്രൂപ്പിലേക്ക് വന്ന പണം ആരുടേതാണെന്ന് ചോദിച്ച രാഹുൽ, അന്വേഷണം നടക്കാത്തത് പ്രധാനമന്ത്രിക്ക് താൽപര്യമില്ലാത്തതിനാലാണെന്ന് കുറ്റപ്പെടുത്തി. വിദേശ പൗരന്മാർ എന്തിന് അദാനി ഗ്രൂപ്പിൽ തന്നെ പണം നിക്ഷേപിച്ചെന്നും ഇതിൽ ഗൗതം അദാനിയുടെ സഹോദരന്‍റെ പങ്ക് എന്തെന്നും അദ്ദേഹം ചോദിച്ചു. ജി20 ഉച്ചകോടി നടക്കാനിരിക്കെയുള്ള പുതിയ റിപ്പോർട്ട് ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കിയെന്നും രാഹുൽ വിമർശിച്ചു.
എന്തുകൊണ്ടാണ് പ്രധാനമന്ത്രി അന്വേഷണത്തിന് നിർദേശിക്കാത്തതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്തുകൊണ്ടാണ് അദ്ദേഹം നിശബ്ദനായിരിക്കുന്നത്? ഈ വിഷയം അന്വേഷിച്ച് ഉത്തരവാദികളെ ജയിലിൽ അടക്കുമെന്ന് ഉറപ്പാക്കുമെന്ന് അദ്ദേഹം പറയാത്തത് എന്തുകൊണ്ടാണ്? ജി 20 നേതാക്കൾ ഇവിടെ വരുന്നതിന് തൊട്ടുമുമ്പ് ഇത് ഇന്ത്യൻ പ്രധാനമന്ത്രിക്കെതിരെ വളരെ ഗൗരവമായ ചോദ്യമാണ് പുതിയ റിപ്പോർട്ട് ഉയർത്തിയിരിക്കുന്നത് -രാഹുൽ പറഞ്ഞു.
ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ് കമ്പനികളിൽ രഹസ്യ നിക്ഷേപം നടത്തിയ വിദേശികളുടെ പേരുകൾ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മമായ ഒ.സി.സി.ആർ.പി പുറത്തുവിടുകയായിരുന്നു. തായ് വാൻ സ്വദേശി ചാങ് ചുങ് ലിങ്, യു.എ.ഇ സ്വദേശി നാസർ അലി ഷഹബാൻ അലി എന്നിവരാണ് രഹസ്യ നിക്ഷേപം നടത്തിയ വിദേശികൾ. ഇരുവരും ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിയുടെ കമ്പനിയിലെ ഡയറക്ടർമാരാണ്. മൗറീഷ്യസ് ആസ്ഥാനമായ കമ്പനി വഴിയാണ് തായ് വാൻ, യു.എ.ഇ സ്വദേശികൾ ഓഹരി വാങ്ങി കൂട്ടിയതെന്നും ഒ.സി.സി.ആർ.പി വെളിപ്പെടുത്തുന്നു. അദാനി കമ്പനികളുടെ ഓഹരി മൂല്യം ഉയർത്തുന്നതിന് വലിയ രീതിയിലുള്ള ക്രമക്കേടുകൾ നടത്തിയെന്ന് യു.എസ് ആസ്ഥാനമായുള്ള സാമ്പത്തിക ഗവേഷക സ്ഥാപനമായ ഹിൻഡൻബെർഗിന്‍റെ റിപ്പോർട്ട് കഴിഞ്ഞ ജനുവരിയിൽ പുറത്തുവിട്ടിരുന്നു. ഈ റിപ്പോർട്ട് ശരിവെക്കുന്നതാണ് ഒ.സി.സി.ആർ.പി വെളിപ്പെടുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.