ന്യൂഡൽഹി: നിങ്ങൾ സത്യം സംസാരിക്കുകയാണെങ്കിൽ മോദി നിങ്ങളുടെ ഫോണിൽ ഉണ്ടായിരിക്കുമെന്നും ജനങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഉപകരണമാണ് പെഗസസ് എന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പാർലമെൻറ് വളയൽ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിങ്ങളുെട മൊബൈൽ ഫോൺ നിങ്ങളുെട ശബ്ദമാണ്. മൊബൈൽ ഫോണിലൂടെ എന്തും പ്രകടിപ്പിക്കാം. എന്നാൽ, മോദി നിങ്ങളുടെ ഫോണിൽ ചാരവൃത്തി നടത്തുന്നുണ്ടെന്ന് നിങ്ങൾ മനസ്സിലാക്കണമെന്നും രാഹുൽ പറഞ്ഞു. കഴിഞ്ഞദിവസം ഒരു പെൺകുട്ടിയെ ഡൽഹിയിൽ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. നിങ്ങൾ ആ വാർത്ത മാധ്യമങ്ങളിൽ കാണുന്നുണ്ടോ? ലോക്സഭ ടി.വിയിൽ ബി.ജെ.പി എം.പിമാരുടെ പ്രസംഗം മാത്രമാണ് കാണിക്കുന്നത്.
ഈ സർക്കാർ സത്യം സ്വന്തം ജനങ്ങളിലേക്കെത്തുന്നത് തടയുകയാണ്. സത്യവും യുവതയുടെ ശബ്ദവും ഇല്ലാതാക്കുകയാണ് സർക്കാർ. രാജ്യത്തെ യുവാക്കൾ സത്യം സംസാരിക്കുന്ന ദിവസം മോദി സർക്കാർ നിലംപതിക്കും. എല്ലാത്തിനെ കുറിച്ചും സംസാരിക്കുന്ന മോദി തൊഴിലില്ലാഴ്മയെ കുറിച്ച് മാത്രം മിണ്ടുന്നില്ല. കർഷകരുമായോ യുവാക്കളുമായോ തൊഴിലാളികളുമായോ ഒന്നും സംസാരിക്കുന്നില്ല. രണ്ടോ മൂന്നോ ബിസിനസുകാരോട് മാത്രമാണ് അദ്ദേഹത്തിെൻറ സഹകരണമെന്നും രാഹുൽ പറഞ്ഞു. യൂത്ത് കോൺഗ്രസ് ഓഫിസ് പരിസരത്തുനിന്ന് തുടങ്ങിയ പ്രതിേഷധം പൊലീസ് തുടക്കത്തിൽ തന്നെ തടഞ്ഞു. എം.പിമാരടക്കം 600 പേരെ കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.