മുംബൈ: ജാതി സെൻസസും 50 ശതാമനം സംവരണ പരിധി ഒഴിവാക്കലും ഭരണഘടന സംരക്ഷണവും മുഖ്യ വിഷയമാക്കി മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോൺഗ്രസ് തുടക്കംകുറിച്ചു. വിദർഭയിലെ നാഗ്പുരിൽ നടന്ന ‘സംവിധാൻ സമ്മാൻ സമ്മേളന’ത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയാണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. ഭരണഘടന ശിൽപി ഡോ. ബി.ആർ അംബേദ്കറുടെ സ്മാരകമായ ദീക്ഷഭൂമിയിൽ ആദരമർപ്പിച്ച ശേഷമാണ് രാഹുൽ പരിപാടിക്കെത്തിയത്.
അധികാരത്തിൽ വന്നാൽ ഭരണഘടനയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ആദ്യപടി ജാതി സെൻസസ് നടത്തുകയും സംവരണ പരിധി 50 ശതമനമെന്നത് എടുത്തുകളയുകയും ചെയ്യുമെന്ന് രാഹുൽ പറഞ്ഞു. ജാതി സെൻസസ് എന്നത് വെറും ഒരു പേര് മാത്രമാണ്. എന്നാൽ, ന്യായമെന്നതാണ് അതിന്റെ വിവക്ഷ. ജാതി സെൻസസ് എന്നു പറയുമ്പോൾ ഞാൻ ജനങ്ങളിൽ വിഭാഗീയത ഉണ്ടാക്കുകയാണെന്നാണ് മോദിജി പറയുന്നത്. രാജ്യത്തെ 90 ശതമാനവും വരുന്ന ആളുകൾ വളർച്ചയുടെ ഭാഗമല്ലെന്ന് പറയാനാണ് ശ്രമിക്കുന്നത്. നീതിന്യായ, ഭരണ നിർവഹണ, വ്യവസായ മേഖലകളിൽ അവരില്ല. അവർ തൊഴിലാകളാണ്. പലരും ജയിലിലാണ്. ജാതി സെൻസസ് രാജ്യത്തിന്റെ യഥാർഥചിത്രം വ്യക്തമാക്കും–രാഹുൽ പറഞ്ഞു.
വൈകീട്ട് മുംബൈ ബി.കെ.സിയിൽ നടന്ന മഹാ വികാസ് അഘാഡി യോഗത്തിൽ സഖ്യത്തിന്റെ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചു. സ്ത്രികൾക്ക് പ്രതിമാസം 3,000 രൂപ നൽകുകയും സ്ത്രീകൾക്കും പെൺകുട്ടികൾക്കും സൗജന്യ ബസ്യാത്രയും നൽകുന്ന മഹാലക്ഷ്മി യോജന, മൂന്ന് ലക്ഷം വരെയുള്ള കർഷകരുടെ കടം എഴുതി തള്ളുകയും വായ്പ തിരിച്ചടവിന് 50,000 രൂപ ഇസെന്റീവും നൽകും, ജാതി സെൻസസും സംവരണ പരിധി 50 ശതമാനം എടുത്തുമാറ്റലും, 25 ലക്ഷം വരെ ആരോഗ്യ ഇൻഷുറൻസും സൗജന്യ മരുന്നുകളും, തൊഴിൽരഹിത യുവാക്കൾക്ക് പ്രതിമാസം 4,000 രൂപ നൽകും എന്നിവയാണ് വാഗ്ദാനം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രമേശ് ചെന്നിത്തല, എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ, ശിവസേന (യു.ബി.ടി) അധ്യക്ഷൻ ഉദ്ധവ് താക്കറെ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.