വളത്തിനും ട്രാക്ടറിനും കീടനാശിനിക്കും ജി.എസ്.ടി; രാജാവിന്റെ അന്യായം കാണൂ എന്ന് രാഹുൽ

കാർഷിക സാധന സാമഗ്രികൾക്ക് നികുതി ഏർപ്പെടുത്തിയതിനെ വിമർശിച്ച് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രക്കിടെയാണ് രാഹുൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചത്. 'രാജാവിന്റെ അന്യായം കാണൂ, വളത്തിന് അഞ്ച് ശതമാനം ജി.എസ്.ടി, ട്രാക്ടറിന് 12 ശതമാനം, കീടനാശിനിക്ക് 18 ശതമാനം. ബി.ജെ.പി രാജ്യത്തിന്റെ അന്നദാതാക്കളെ കൊള്ളയടിക്കുകയാണ്. അതേസമയം ഭാരത് ​ജോഡോ യാത്ര കർഷക ശബ്ദങ്ങളെ ശക്തിപ്പെടുത്തുന്നു. ഞങ്ങൾ എന്നും കർഷകരുടെ കൂടെയായിരുന്നു, എന്നും കൂടെയുണ്ടാകും'-രാഹുൽ ട്വിറ്ററിൽ കുറിച്ചു.

കർണാടകയിൽ പര്യടനം തുടരുന്ന ഭാരത് ജോഡോ പദയാത്രയുടെ പ്രധാന പ്ര​ത്യേകത യുവതീയുവാക്കളുടേയും വിദ്യാർഥികളുടെയും സ്ത്രീകളുടെയും വർധിച്ച പങ്കാളിത്തമാണ്​. ബുധനാഴ്ച ചിത്രദുർഗ ജില്ലയിലെ റോഡിൽ രാഹുൽ ഗാന്ധി പുഷ്​ അപ്പ്​ ചെയ്യുന്ന​ ചിത്രം പുറത്തുവന്നിരുന്നു. കർണാടക കോൺഗ്രസ്​ പ്രസിഡന്‍റ്​ ഡി.കെ. ശിവകുമാർ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരും ഒരു കുട്ടിയും ഒപ്പമുണ്ടായിരുന്നു​. എന്നാൽ, രാഹുൽ മാത്രമാണ്​ പുഷ്​അപ്പുകൾ കൃത്യമായി ചെയ്തത്​. 'ഒരു മുഴുവൻ പുഷ്​ അപ്പും മറ്റ്​ രണ്ട്​ പകുതി പുഷ്​അപ്പും' എന്ന അടിക്കുറിപ്പോടെ പാർട്ടി ജനറൽ സെക്രട്ടറി രൺദീപ്​ സുർജേവാല ഈ ചിത്രം ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ്​ ചെയ്തത്​ വൈറലായി. കഴിഞ്ഞ ദിവസം യാത്രക്കിടെ മുൻമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ദരാമയ്യ, ഡി.കെ. ശിവകുമാർ എന്നിവരുടെ കൈകൾ പിടിച്ച്​ രാഹുൽ ഓടിയിരുന്നു.


അവയവദാനം നടത്തിയവരും ഇവരുടെ ബന്ധുക്കളും ബുധനാഴ്ചത്തെ പര്യടനത്തിൽ പങ്കാളികളായി. 33 പേർ കണ്ണുകൾ ദാനം ചെയ്യുമെന്ന്​ പ്രതിജ്ഞയെടുത്തത്​ വ്യത്യസ്ത അനുഭവമായി. ചെറിയ പ്രായത്തിൽതന്നെ മരണപ്പെട്ട രക്ഷിത, വേദ, വിജയ്​ തുടങ്ങിയവരുടെ ബന്ധുക്കളാണ്​ പ​ങ്കെടുത്തത്​. അവയവദാനം ചെയ്ത്​ മരണത്തിന്​ ശേഷവും മറ്റുള്ളവരിലൂടെ ജീവിക്കുന്ന ഇവർ ധീരരാണെന്ന്​ രാഹുൽ പറഞ്ഞു. സഹാനുഭൂതി, മാനവികത എന്നിവയാണ്​ അവർ പ്രസരിപ്പിക്കുന്നത്​. ഏതാനും ചിലരുടെ വിദ്വേഷ പ്രചാരണത്തിൽ മാനുഷിക സ്​നേഹം സമൂഹത്തിന്​ നഷ്​ടമാകരുതെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലില്ലായ്മയടക്കമുള്ള വിഷയങ്ങളിൽ രൂക്ഷമായ വിമർശനമാണ്​ സംസ്ഥാനത്തെ ബി.ജെ.പി സർക്കാറിനെതിരെ രാഹുൽ ഉന്നയിക്കുന്നത്​. ഡബിൾ എൻജിൻ സർക്കാർ യുവാക്കളുടെ ഭാവിയെ അപഹരിക്കുകയാണെന്ന്​ അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിലും കർണാടകയിലും ബി.ജെ.പി ഭരിക്കുന്നതിനാൽ ഇത്​ 'ഡബിൾ എൻജിൻ' സർക്കാർ ആണെന്നാണ്​ പ്രധാനമന്ത്രി മോദി അടക്കമുള്ള ബി.ജെ.പി നേതാക്കൾ അവകാശപ്പെടുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.