ഇരക്ക് നീതി നൽകുന്നതിനു പകരം പ്രതിയെ രക്ഷിക്കാൻ ശ്രമം; കൊൽക്കത്ത കൂട്ടബലാത്സംഗ കേസിൽ രാഹുൽ ഗാന്ധി

കൊൽക്കത്ത: കൊൽക്കത്തയിൽ ജൂനിയർ വനിതാ ഡോക്ടറെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇരക്ക് നീതി നൽകുന്നതിന് പകരം പ്രതിയെ രക്ഷിക്കാനുള്ള ശ്രമം ആശുപത്രിക്കും പ്രാദേശിക ഭരണകൂടത്തിനും നേരെ ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നതാണെന്ന് രാഹുൽ പറഞ്ഞു.

രാജ്യത്തുടനീളം സ്ത്രീകൾക്കിടയിലും ഡോക്ടർമാർക്കിടയിലും അരക്ഷിതാവസ്ഥയുടെ അന്തരീക്ഷം ഉടലെടുത്തിരിക്കുകയാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ‘കൊൽക്കത്തയിൽ ജൂനിയർ ഡോക്ടറെ ബാലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവം രാജ്യത്തെ ഞെട്ടിച്ചു. ക്രൂരവും മനുഷ്യത്വരഹിതവുമായ പ്രവൃത്തിയാണ് നടന്നത്. ഡോക്ടർമാർക്കിടയിലും സ്ത്രീകൾക്കിടയിലും അരക്ഷിതാവസ്ഥയുടെ അന്തരീക്ഷം ഉടലെടുത്തിരിക്കുകയാണ്’ -രാഹുൽ പറഞ്ഞു.

മെഡിക്കൽ കോളജ് പോലൊരു സ്ഥലത്ത് ഡോക്ടർമാർ സുരക്ഷിതരല്ലെങ്കിൽ പിന്നെ എങ്ങനെ മാതാപിതാക്കൾ തങ്ങളുടെ പെൺമക്കളെ പഠനത്തിനായി പുറത്തേക്ക് അയക്കും. നിർഭയ കേസിന് ശേഷം കർശന നിയമങ്ങൾ ഉണ്ടാക്കിയിട്ടും എന്തുകൊണ്ടാണ് ഇത്തരം കുറ്റകൃത്യങ്ങൾ തടയാനാകാത്തതെന്നും രാഹുൽ ചോദിച്ചു. സ്ത്രീകൾക്കെതിരെ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളിൽ പാർട്ടികളും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഗൗരവമായ ചർച്ചകൾ നടത്തി കൃത്യമായ നടപടികൾ കൈക്കൊള്ളണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് കൊൽക്കത്ത ആർ.ജി. കർ മെഡിക്കൽ കോളജിലെ നെഞ്ചുരോഗ വിഭാഗത്തിൽ പി.ജി ട്രെയിനിയായ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്. കോളജിലെ സെമിനാർ ഹാളിനുള്ളിൽ അർധനഗ്‌നമായ നിലയിലായിരുന്നു വനിതാ ഡോക്ടറുടെ മൃതദേഹം. ശരീരമാസകലം മുറിവേറ്റിരുന്നു.

Tags:    
News Summary - Rahul Gandhi breaks silence on Kolkata rape-murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.