കൊച്ചി: കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാല ക്യാമ്പസിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് പേർ മരിക്കാനിടയായ ദുരന്തം ഞെട്ടിക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഫേസ്ബുക്കിലൂടെയാണ് ദുരന്തത്തിൽ അനുശോചനമറിയിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയത്.
കുസാറ്റിലുണ്ടായ നാലു പേരുടെ ജീവനെടുക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം ഞെട്ടിക്കുന്നതും അത്യന്തം ദുഃഖമുളവാക്കുന്നതുമാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്റെ അനുശോചനമറിയിക്കുന്നു. ദുഷ്‍കരമായ സമയത്തെ അതിജീവിക്കാൻ അവർക്ക് കരുത്തുണ്ടാകട്ടെ. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ. അവർക്ക് ഏറ്റവും മികച്ച വൈദ്യസഹായം നൽകണമെന്ന് താൻ കേരള സർക്കാറിനോട് അഭ്യർഥിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കളമശ്ശേരിയിലെ കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല കാമ്പസിൽ (കുസാറ്റ്) ടെക്ക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലുംപെട്ട് നാലു പേർ മരിച്ചിരുന്നു. രണ്ടാംവർഷ സിവിൽ വിദ്യാർഥി എറണാകുളം കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയിൽ തമ്പിയുടെ മകൻ അതുൽ തമ്പി, രണ്ടാംവർഷ ഇലക്ട്രോണിക്സ് വിദ്യാർഥിനി പറവൂർ ഗോതുരുത്ത് കുറുമ്പത്തുരുത്ത് കോണത്ത് റോയ് ജോർജുകുട്ടിയുടെ മകൾ ആൻ റിഫ്ത്ത (20), രണ്ടാം വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിദ്യാർഥിനി കോഴിക്കോട് താമരശ്ശേരി പുതുപ്പാടി മൈലേലംപാറ വയലപള്ളിൽ തോമസ് സ്കറിയയുടെ മകൾ സാറ തോമസ് (19) എന്നീ വിദ്യാർഥികളും പാലക്കാട് മുണ്ടൂർ സ്വദേശിയായ ആൽബിൻ ജോസഫുമാണ് മരിച്ചത്. നാലുപേരെയും മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്.
ശനിയാഴ്ച വൈകീട്ട് ഏഴോടെയാണ് ദുരന്തമുണ്ടായത്. കുസാറ്റ് സ്കൂള്‍ ഓഫ് എൻജിനീയറിങ്ങിലെ (എസ്.ഒ.ഇ) ഏറ്റവും വലിയ ആഘോഷമായ ടെക്നിക്കല്‍ ഫെസ്റ്റ് ‘ധിഷണ’ക്കിടെയാണ് ദുരന്തം. ‘ധിഷണ’യുടെ സമാപന ദിനത്തിതൽ ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനസന്ധ്യയാണ് നടക്കാനിരുന്നത്. കാമ്പസിലെ ഓപൺ എയർ ഓഡിറ്റോറിയത്തിൽ സംഗീതനിശ ആരംഭിക്കുന്നതിനു തൊട്ടുമുമ്പായിരുന്നു ദുരന്തം. വൈകുന്നേരത്തോടെ വൻ ജനക്കൂട്ടമാണ് ഇവിടെ എത്തിയത്. നിരവധി കാമ്പസുകളിൽ നിന്നും വിദ്യാർഥികളടക്കം ഇവിടെ എത്തിച്ചേർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.