ജനങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങി രാഹുൽ; 'ഭാരത് ജോഡോ യാത്ര'യുടെ രണ്ടാംദിന പര്യടനം ആരംഭിച്ചു

കന്യാകുമാരി: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ തുറന്നു കാട്ടാനായി രാഹുൽ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ യാത്ര'യുടെ രണ്ടാം ദിവസത്തെ പര്യടനം ആരംഭിച്ചു. അഗസ്തേശ്വരത്തെ ഭാരത് ജോഡോ യാത്രികരുടെ ക്യാമ്പിൽ രാഹുൽ ഗാന്ധി ത്രിവർണ പതാക ഉയർത്തിയതോടെയാണ് യാത്ര ആരംഭിച്ചത്. കന്യാകുമാരിയിലെ വിവേകാനന്ദ ഗ്രൗണ്ടിൽ നിന്ന് ശുചീന്ദ്രം വരെയാണ് രാവിലത്തെ യാത്ര. വൈകീട്ട് 3.30ന് പുനരാരംഭിക്കുന്ന യാത്ര 6.30ന് നാഗർകോവിലിൽ അവസാനിപ്പിക്കും. യാത്രയുടെ ഇടവേളകളിൽ പൗര പ്രമുഖരുമായി രാഹുൽ കൂടിക്കാഴ്ച നടത്തും.  

ബുധനാഴ്ച കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തിൽവെച്ച് രാഹുൽ ഗാന്ധിക്ക് ത്രിവർണ പതാക കൈമാറി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഭാരത് ജോഡോ യാത്രക്ക് തുടക്കം കുറിച്ചത്. 'ഒരുമിക്കുന്ന ചുവടുകൾ; ഒന്നാകുന്ന രാജ്യം'- എന്നതാണ് യാത്രയുടെ മുദ്രാവാക്യം. രാവിലെ ഏഴ് മുതല്‍ 10 വരെയും തുടര്‍ന്ന് വൈകീട്ട് നാലു മുതല്‍ രാത്രി ഏഴ് വരെയുമായി ഓരോ ദിവസവും 25 കി.മീറ്റര്‍ ദൂരമാണ് പദയാത്ര വിവിധ പ്രദേശങ്ങളിലൂടെ കടന്ന് പോകുന്നത്.

എ.ഐ.സി.സി നിശ്ചയിക്കുന്ന 100 സ്ഥിരാംഗങ്ങള്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ 148 ദിവസങ്ങളായി 3571 കി.മീറ്റര്‍ രാഹുല്‍ ഗാന്ധിയോടൊപ്പം പദയാത്രയില്‍ അണിചേരും. ഓരോ സംസ്ഥാനത്തെയും സ്ഥിരം പദയാത്രികരും അതത് സംസ്ഥാനങ്ങളിൽ അണിചേരും. കാൽനടയായി സഞ്ചരിച്ച് രാഹുൽ ജനങ്ങളുമായി സംവദിക്കും.

Full View

ജോഡോ യാത്ര കടന്ന് പോകുന്ന ഓരോ സംസ്ഥാനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കുന്ന 100 അംഗങ്ങള്‍ അതാത് സംസ്ഥാനങ്ങളില്‍ ആദ്യാവസാനം വരെ പദയാത്രയുടെ ഭാഗമാകും. യാത്ര കടന്ന് പോകാത്ത സംസ്ഥാനങ്ങളില്‍ നിന്നും പദയാത്രയില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ 100 അംഗങ്ങളെയും ഉള്‍പ്പെടുത്തും.

ഭാരത് ജോഡോ യാത്ര സെപ്റ്റംബര്‍ 11ന് കേരളത്തില്‍ പ്രവേശിക്കും. കേരള അതിര്‍ത്തിയായ കളിക്കാവിളയില്‍ നിന്നും ഭാരത് ജോഡോ യാത്രക്ക് വന്‍ സ്വീകരണം നല്‍കും. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ദേശീയ പാതവഴിയും തുടര്‍ന്ന് തൃശ്ശൂര്‍ നിന്നും നിലമ്പൂര്‍ വരെ സംസ്ഥാന പാതവഴിയുമാണ് ജാഥ കടന്ന് പോകുന്നത്.

Tags:    
News Summary - Rahul Gandhi Congress leaders begin the second day of party's Bharat Jodo Yatra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.