ന്യൂഡൽഹി: ശ്രാവണ മാസത്തിൽ ആടിനെ ഭക്ഷിച്ച രാഹുൽ ഗാന്ധിയുടെ പ്രവൃത്തി ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തന്നതാണെന്ന വിമർശനവുമായി ബി.ജെ.പി. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയും ലാലുപ്രസാദ് യാദവും ചേർന്ന് ചമ്പാരൻ മട്ടൻ കറിയുണ്ടാക്കുന്നതിന്‍റെ വീഡിയോ കോൺഗ്രസ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പിയുടെ വിമർശനം. ശ്രാവണ മാസത്തിന്‍റെ അവസാനത്തിലാണ് വീഡിയോ പുറത്തുവന്നതെങ്കിലും ഇരുവരും ചേർന്ന് യോഗം നടന്നത് ശ്രാവണ മാസത്തിന്‍റെ ആരംഭത്തിലാണെന്ന് ബി..ജെ.പി വക്താവ് സമ്പിത് പത്ര എക്സിൽ കുറിച്ചു.
"രാഹുൽ ഗാന്ധി ലാലു പ്രസാദ് യാദവുമായി കൂടിക്കാഴ്ച നടത്തിയത് ആഗസ്റ്റ് നാലിനാണ്. പെട്ടെന്ന് അവർ മട്ടൻകറിയുണ്ടാക്കുന്ന മാസ്റ്റർ ഷെഫുകളായി മാറി. പക്ഷേ തങ്ങളുടെ പാചക വൈദഗ്ധ്യം കാണിക്കാൻ അവർ ബോധപൂർവം ശ്രാവണ മാസം തീരുന്നത് വരെ കാത്തിരുന്നു"- അദ്ദേഹം എക്സിൽ കുറിച്ചു.
ഒരു സനാതന വിശ്വാസിയും ശ്രാവണ മാസത്തിൽ മാംസം കഴിക്കുന്നതിനെ കുറിച്ച് ആലോചിക്കുക പോലും ചെയ്യില്ല. ചിലർ ചന്ദ്രനിലെ ശിവഭക്തി പോയിന്‍റ് എന്ന പേരിനെ മാത്രം എതിർക്കുന്ന തരത്തിലുള്ള ശിവഭക്തരായി അഭിനയിക്കുകയാണെന്നുമായിരുന്നു ബി.ജെ.പി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാലെയുടെ പരാമർശം.
കഴിഞ്ഞ ദിവസം സനാതനധർമത്തെ തുടച്ചുനീക്കണമെന്ന് തമിഴ്നാട് കായിക, യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിൻ പറഞ്ഞത് വിവാദമായതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ മട്ടൻ വിഡിയോ പുറത്തുവരുന്നത്. തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറം സംഘടിപ്പിച്ച സനാതനധർമ അബോലിഷൻ കോൺക്ലേവിൽ സംസാരിക്കുന്നതിനിടെയായിരുന്നു ഉദയനിധി സ്റ്റാലിൻ സനാതനധർമത്തെ ഉന്മൂലനം ചെയ്യണമെന്ന് പറഞ്ഞത്. സനാതന ധർമത്തെ എതിർക്കാനല്ല മറിച്ച് ഉന്മൂലനം ചെയ്യണമെന്ന് മുൻനിർത്ത് പരിപാടി സംഘടിപ്പിച്ചവർക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. "എതിർക്കാനല്ലാതെ പൂർണമായും നിർമാർജനം ചെയ്യപ്പെടേണ്ട ചില കാര്യങ്ങൾ നമുക്ക് ചുറ്റുമുണ്ട്. കൊതുക്, മലേറിയ, കൊറോണ, ഡെങ്കി തുടങ്ങിയവയെ നമുക്ക് എതിർക്കാൻ സാധിക്കില്ല. അവയെ പൂർണമായും ഇല്ലാതാക്കുക തന്നെ വേണം. സനാതനവും അത്തരത്തിലൊന്നാണ്. എതിർക്കുന്നതല്ല സനാതനം നിർമാർജനം ചെയ്യുന്നതായിരിക്കണം നമ്മുടെ പ്രഥമ പരിഗണന" - ഉദയനിധി സ്റ്റാലിൻ പറഞ്ഞു. വിഷയത്തിൽ മന്ത്രിക്കെതിരെ സുപ്രീം കോടതി അഭിഭാഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.