രാഹുൽ ഗാന്ധിക്ക് വീണ്ടും ഇ.ഡി നോട്ടീസ്; ജൂൺ 13ന് ഹാജരാകണം

ന്യൂഡൽഹി: നാഷനൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ്ടും നോട്ടീസ് അയച്ചു. 13ന് ഇ.ഡി മുമ്പാകെ ഹാജരാകാനാണ് പുതിയ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വിദേശത്തായതിനാൽ നേരത്തെ ഹാജരാകാൻ പറഞ്ഞ തീയതിയിൽ എത്താനാകില്ലെന്നും തീയതി നീട്ടി നൽകണമെന്നും രാഹുൽ ആവശ്യപ്പെട്ടിരുന്നു.

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരോട് ജൂൺ എട്ടിന് സെൻട്രൽ ഡൽഹിയിലെ ഇ.ഡി ആസ്ഥാനത്ത് ഹാജരാകാനാണ് നേരത്തെ ആവശ്യപ്പെട്ടിരുന്നത്. സോണിയ ഗാന്ധി കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ക്വാറന്‍റീനിലാണ്. എന്നാൽ, എട്ടിനു തന്നെ സോണിയ ഇ.ഡിക്കു മുമ്പാകെ ഹാജരാകുമെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.

നാഷനൽ ഹെറാൾഡ് പത്രത്തിന്‍റെ നടത്തിപ്പുകാരായിരുന്ന അസോഷ്യേറ്റഡ് ജേണൽ ലിമിറ്റഡിന്‍റെ ബാധ്യതകളും ഓഹരികളും യങ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി ഏറ്റെടുത്തതിൽ കള്ളപ്പണ ഇടപാട് നടന്നെന്ന ആരോപണമാണ് ഇ.ഡി അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കളായ മല്ലികാർജുൻ ഖാർഗെ, പവൻ ബൻസാൽ എന്നിവരെ നേരത്തെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.

കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്തുകയാണെന്നുമാണ് കോൺഗ്രസ് ആരോപണം.

Tags:    
News Summary - Rahul Gandhi Gets Summons For June 13 After He Requested Change In Date

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.