നരേന്ദ്ര മോദിയും ഗൗതം അദാനിയും ഒരുമിച്ച് വിമാനയാത്ര ചെയ്യുന്നതിന്‍റെ ചിത്രം ലോക്സഭയിൽ രാഹുൽ ഗാന്ധി ഉയർത്തികാട്ടുന്നു

അദാനി: മൂന്ന് ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യവസായി സുഹൃത്ത് ഗൗതം അദാനിയുമായുള്ള വഴിവിട്ടബന്ധം പാർലമെന്‍റിൽ തുറന്നുകാട്ടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സർക്കാർ ഒത്താശയില്ലാതെ ഒരു വ്യവസായിക്ക് ചുരുങ്ങിയ കാലം കൊണ്ട് ലോകത്ത് രണ്ടാമത്തെ അതിസമ്പന്നനായി അപാരവളർച്ച നേടാനാവില്ല. പ്രധാനമന്ത്രിക്ക് അദ്ദേഹവുമായുള്ള ബന്ധം എന്താണെന്ന് രാജ്യം അറിയേണ്ടതുണ്ട് -രാഹുൽ പറഞ്ഞു.

തുടർന്ന് രാഹുൽ ഗാന്ധി പാർലമെന്റിൽ ഉന്നയിച്ച മൂന്ന് ചോദ്യങ്ങൾ:

1 ഗൗതം അദാനിയെ കൂട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്രതവണ വിദേശയാത്ര നടത്തി? എത്രതവണ അദാനി പിന്നാലെ എത്തി? മോദി സന്ദർശിച്ചുമടങ്ങിയ രാജ്യത്തേക്ക് പിന്നാലെ അദാനി പോയത് എത്രതവണ? മോദിയുടെ സന്ദർശനശേഷം ഓരോ രാജ്യത്തുനിന്നും അദാനി എത്ര കരാറുകൾ നേടി?

2 കഴിഞ്ഞ 20 വർഷത്തിനിടയിൽ അദാനി എത്ര പണം ബി.ജെ.പിക്ക് ഇലക്ടറൽ ബോണ്ടായും മറ്റും നൽകി?

3 തുടങ്ങിവെക്കുന്ന ഒരു സംരംഭത്തിൽപോലും തോൽക്കാതെ എല്ലാം വെട്ടിപ്പിടിക്കാൻ ഒരു വ്യവസായിക്ക് എങ്ങനെ കഴിയുന്നു?

രാഹുൽ ചൂണ്ടിക്കാട്ടിയ പ്രധാന വിഷയങ്ങൾ

* മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നകാലത്ത് തുടങ്ങിയതാണ് അദാനിബന്ധം. ഗുജറാത്ത് പുനരുദ്ധാന പരിപാടി പ്രഖ്യാപിച്ച മോദിക്ക് ഉറച്ച പിന്തുണ നൽകി വിശ്വസ്തവിധേയനായി അദാനി പിന്നിൽ നിന്നു. പിന്നീടങ്ങോട്ട് അദാനി വലിയ വ്യവസായവളർച്ച നേടുന്നതാണ് കണ്ടത്. 2014ൽ മോദി പ്രധാനമന്ത്രിയായതുതൊട്ടാണ് യഥാർഥ മാജിക്. ആഗോളവ്യവസായികളുടെ പട്ടികയിൽ 609 -ാം സ്ഥാനത്തു നിന്ന അദാനി എട്ടു വർഷം കൊണ്ട് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചുകയറി. 2014നും 2022നുമിടയിലെ ചുരുങ്ങിയ കാലംകൊണ്ട് അദാനിയുടെ ആസ്തി 800 കോടി ഡോളറിൽനിന്ന് 14,000 കോടി ഡോളറായി പെരുകി.

* അദാനിക്ക് വളർച്ചയും ലാഭവും നേടാൻ സർക്കാർ നയങ്ങളും ചട്ടങ്ങളും പൊളിച്ചെഴുതി. വൈദഗ്ധ്യമുള്ള കമ്പനികൾക്കല്ലാതെ വിമാനത്താവള നടത്തിപ്പ് നൽകില്ലെന്നചട്ടം അദാനിക്കുവേണ്ടി തിരുത്തി. ഈ രംഗത്ത് ഒരു പരിചയവും അവകാശപ്പെടാൻ കഴിയാത്ത അദാനിയുടെ പക്കലാണ് ഇന്ന് ലാഭകരമായ നിരവധി വിമാനത്താവളങ്ങൾ. മുംബൈ വിമാനത്താവളം തട്ടിയെടുത്തത് കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗിച്ചാണ്. വിമാനനിരക്കുകളിൽനിന്ന് 31 ശതമാനം വരുമാനവും അദാനിക്ക് കിട്ടുന്നതാണ് ഇപ്പോഴത്തെ സാഹചര്യം.


* പ്രതിരോധരംഗത്ത് അദാനി ആരുമായിരുന്നില്ല. വൈദഗ്ധ്യവും ഇല്ല. എന്നാൽ, പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സിനെയും പിന്തള്ളി സേനക്കുവേണ്ട ഡ്രോണുകൾ നിർമിക്കാനുള്ള കരാർ ഇപ്പോൾ അദാനിക്കാണ്. മോദി ഒരുവട്ടം ഇസ്രായേലിൽ പോയിവന്നശേഷം അവിടത്തെ വിമാനത്താവളങ്ങളുടെ വിപണിവിഹിതത്തിൽ 30 ശതമാനവും അദാനിക്കായി.

* വിദേശരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം അദാനിയുടെ വളർച്ചക്ക് ദുരുപയോഗിക്കുന്നു. ഇത് നമ്മുടെ വിദേശനയത്തിന് വിരുദ്ധമാണ്. ഇന്ത്യ-ബംഗ്ലാദേശ് വൈദ്യുതിവിതരണ കരാർ അദാനിക്കാണ്. കാറ്റിൽനിന്ന് വൈദ്യുതിയുണ്ടാക്കുന്ന പദ്ധതി അദാനിക്ക് നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മർദംചെലുത്തിയെന്നാണ് ശ്രീലങ്കയിൽനിന്ന് ഉയർന്ന ആരോപണം.

* പൊതുമേഖല സ്ഥാപനങ്ങൾ അദാനിയെ കൈയയച്ച് സഹായിക്കുന്നു. അദാനിയേയും കൂട്ടി മോദി ആസ്ട്രേലിയയിൽ പോയിവന്നശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 100 കോടി ഡോളറിന്‍റെ വായ്പയാണ് അദാനിക്ക് നൽകിയത്. നിക്ഷേപകരുടെ സഹസ്ര കോടികൾ എൽ.ഐ.സി അദാനിക്കമ്പനികളിൽ നിക്ഷേപിക്കുന്നു. ബാങ്ക് ഓഫ് ബറോഡ തുടങ്ങി നിരവധി ബാങ്കുകൾ അദാനി കമ്പനികൾക്ക് നിർലോഭം വായ്പ നൽകുന്നു. ഗ്രീൻ ഹൈഡ്രജന്‍റെയും മറ്റും പേരിലുള്ള പുതിയ ബജറ്റ് നിർദേശങ്ങളുടെ പ്രധാന ഗുണഭോക്താവ് അദാനിയാണ്.

* ഷെൽ കമ്പനികളിലൂടെ അദാനി കമ്പനികളിലേക്ക് പണമെത്തുന്നത് ഹിൻഡൻബർഗ് റിപ്പോർട്ടിനു ശേഷവും അന്വേഷിക്കുന്നില്ല. മൊറീഷ്യസിൽനിന്നും മറ്റുമായി അദാനി കമ്പനികളിലേക്ക് ഒഴുകുന്ന നിക്ഷേപം ആരുടെ പണമാണെന്ന് സർക്കാർ അന്വേഷിക്കുന്നില്ല. ദേശസുരക്ഷ വിഷയമുള്ള തന്ത്രപ്രധാന മേഖലകളിൽ അടക്കം വലവിരിച്ച അദാനി കമ്പനികളിലേക്ക് പുറത്തുനിന്ന് എങ്ങനെ പണം വരുന്നു, ആരുടെ പണമാണ് എന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, സി.ബി.ഐ തുടങ്ങിയ അന്വേഷണ ഏജൻസികൾ അന്വേഷിക്കുന്നില്ല. 

Full View


Tags:    
News Summary - Rahul Gandhi Raises Questions On Gautam Adani's link With PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.