'അച്ഛനുണ്ടായിരുന്നെങ്കിൽ...';​ രാഹുലിനുമുന്നിൽ സങ്കടം വിവരിച്ച്, സദസ്സിനെ കണ്ണീരണിയിച്ച് പ്രതീക്ഷ

ബംഗളൂരു: 'കോവിഡ് ബാധിതനായി ചികിത്സയിലിക്കെ സമയത്തിന് ഓക്സിജൻ കിട്ടാതെയാണ് എന്റെ സ്നേഹനിധിയായ പിതാവ് മരിച്ചുപോയത്. അച്ഛനുണ്ടായിരുന്നെങ്കിൽ എനിക്ക് ആവശ്യമുള്ളതെല്ലാം വാങ്ങിത്തരുമായിരുന്നു. പെൻസിൽ വാങ്ങി തരുമായിരുന്നു. സാമ്പത്തിക പരാധീനതകളാൽ അമ്മ തന്‍റെ വിദ്യാഭ്യാസത്തിനായി ഏറെ പ്രയാസപ്പെടുകയാണ്...'വാക്കുകളിടറി പ്രതീക്ഷയെന്ന കുഞ്ഞുബാലിക തന്റെ നൊമ്പരങ്ങൾ വിവരിക്കുമ്പോൾ സദസ്സ് മുഴുവൻ കണ്ണീരണിഞ്ഞു. സങ്കടക്കടലിലലിഞ്ഞ പ്രതീക്ഷയെ രാഹുൽ ഗാന്ധി വാത്സല്യത്തോടെ  തലോടി. തന്റെ വിദ്യാഭ്യാസത്തിനും കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാനും സർക്കാർ പിന്തുണക്കായാണ് അവൾ അഭ്യർഥിച്ചത്. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുൽ ഗാന്ധി കർണാടകയിലെ ഗുണ്ടൽപേട്ടിൽ കോവിഡ് ഇരകളുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയപ്പോഴായിരുന്നു പ്രതീക്ഷയുടെ സങ്കടം സദസ്സിന്റെ മുഴുവൻ ഉള്ളുലച്ചത്. 

കോവിഡ് ഇരകളുടെ കുടുംബങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകണമെന്നും എന്തിനാണ് അവരുടെ അവകാശം നിഷേധിക്കുന്നതെന്നും രാഹുൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിച്ചു. കൂടിക്കാഴ്ചയുടെ വിഡിയോ രാഹുൽ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. 'പ്രധാനമന്ത്രി, ബി.ജെ.പി സർക്കാറിന്റെ കോവിഡ് കെടുകാര്യസ്ഥത മൂലം പിതാവിനെ നഷ്ടപ്പെട്ട പ്രതീക്ഷയെ ശ്രദ്ധിക്കു' എന്ന കുറിപ്പും ഇതിനൊപ്പം ചേർത്തിട്ടുണ്ട്. 

കോവിഡ് ഇരകളുടെ കുടുംബങ്ങൾ ന്യായമായ നഷ്ടപരിഹാരം അർഹിക്കുന്നില്ലേ? അവരുടെ അവകാശം എന്തിനാണ് നിഷേധിക്കുന്നതെന്നും രാഹുൽ പ്രധാനമന്ത്രിയോട് ചോദിച്ചു. കൂടിക്കാഴ്ചയിൽ പങ്കെടുത്തവരെല്ലാം ബി.ജെ.പി സർക്കാറിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. വെള്ളിയാഴ്ചയാണ് തമിഴ്നാട്ടിൽനിന്ന് ഭാരത് ജോഡോ യാത്ര കർണാടകയിലെ ചാമരാജനഗറിലേക്ക് കടന്നത്. അടുത്ത 21 ദിവസങ്ങളിലായി 511 കിലോമീറ്റർ യാത്ര സംസ്ഥാനത്തെ വിവിധ ജില്ലകളിലൂടെ കടന്നുപോകും.

Tags:    
News Summary - Rahul Gandhi seeks fair compensation for families of Covid victims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.