‘നിങ്ങൾ മോദിക്ക് മുന്നിൽ കുനിയുന്നതെന്തിനാണ്’; സ്​പീക്കറുടെ നടപടി ചോദ്യം ചെയ്ത് രാഹുൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടപ്പോൾ കുനിഞ്ഞുനിന്ന് വണങ്ങിയ സ്പീക്കർ ഓം ബിർലയുടെ നടപടി ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക്സഭയിൽ സംസാരിക്കുന്നതിനിടെയായിരുന്നു രാഹുലിന്റെ വിമർശനം. സഭയിൽ സ്പീക്കർ എല്ലാവർക്കും മുകളിലാണെന്നും സഭാംഗങ്ങൾ അദ്ദേഹത്തിന് മുന്നിലാണ് വണങ്ങേണ്ടതെന്നും രാഹുൽ ഓർമിപ്പിച്ചു.

എനിക്ക് കൈ തന്നപ്പോൾ നിവർന്നുനിന്ന നിങ്ങൾ മോദിക്ക് കൈ കൊടുത്തപ്പോൾ കുനിഞ്ഞുനിന്ന് വണങ്ങിയതെന്തിനെന്നായിരുന്നു രാഹുലിന്റെ ചോദ്യം. ഇതിനെ പ്രതിപക്ഷ എം.പിമാർ ആരവങ്ങളോടെ പിന്തുണച്ചപ്പോൾ ഭരണപക്ഷ എം.പിമാർ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു. ഇത് സ്പീക്കർക്കെതിരായ ആരോപണമാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. 


രാഹുലിന്റെ ചോദ്യത്തിന് സ്പീക്കർ തന്നെ മറുപടിയുമായി എത്തി. ‘ബഹുമാന്യനായ പ്രധാനമന്ത്രി ഈ സഭയുടെ നേതാവാണ്. എന്റെ സംസ്കാരത്തിലും ധാർമികതയിലും ഞാൻ മുതിർന്നവരെ കാണുമ്പോൾ തലകുനിക്കുകയും എന്റെ പ്രായത്തിലുള്ളവരെ തുല്യമായി കാണുകയും ചെയ്യുന്നു. മുതിർന്നവരെ വണങ്ങുകയും ആവശ്യമെങ്കിൽ അവരുടെ കാലിൽ തൊടുകയും ചെയ്യുക എന്നതാണ് എൻ്റെ ധാർമികത’ -എന്നിങ്ങനെയായിരുന്നു സ്പീക്കറുടെ മറുപടി. 

എന്നാൽ, രാഹുൽ അതിനും മറുപടിയുമായെത്തി. ‘നിങ്ങ​ളുടെ അഭിപ്രായങ്ങൾ ഞാൻ മാന്യമായി അംഗീകരിക്കുന്നു. എന്നാൽ, സഭയിൽ സ്പീക്കറേക്കാൾ വലിയവനായി ആരു​മില്ലെന്ന് പറയാൻ ഞാൻ ഉദ്ദേശിക്കുന്നു. സഭയിൽ സ്പീക്കറാണ് എല്ലാവർക്കും മുകളിൽ. അദ്ദേഹത്തിന് മുന്നിൽ എല്ലാവരും വണങ്ങണം. നിങ്ങളാണ് സ്പീക്കർ, നിങ്ങൾ ഒരാളുടെയും മുന്നിൽ തലകുനിക്കരുത്. സ്പീക്കറാണ് ലോക്സഭയിലെ അവസാന വാക്ക്. അതിനാൽ, സഭയിലെ അംഗങ്ങളെന്ന നിലയിൽ ഞങ്ങൾ അദ്ദേഹത്തിന് വിധേയരാണ്’ -രാഹുൽ കൂട്ടിച്ചേർത്തു.  

Tags:    
News Summary - Rahul Gandhi targets Lok Sabha Speaker for 'bowing down' before PM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.