രാഹുൽ ഗാന്ധി റായ്ബറേലി നിലനിർത്തും; കന്നി മത്സരത്തിന് പ്രിയങ്ക വയനാട്ടിലേക്ക്

ന്യൂഡൽഹി: കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തിൽനിന്ന് രാജിവെക്കും. ഉത്തർപ്രദേശിലെ റായ്ബറേലി നിലനിർത്തും. വയനാട്ടിലെ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്നും ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ, പ്രിയങ്കാ ഗാന്ധി എന്നിവർ യോഗത്തിൽ പങ്കെടുത്തു. ആദ്യമായാണ് പ്രിയങ്ക തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

‘രാഹുൽ രണ്ടു സീറ്റിൽ മത്സരിച്ചു. എന്നാൽ അതിൽ ഒരു സീറ്റ് ഒഴി‍യണം. രാഹുൽ റായ്ബറേലിയിൽ തുടരാൻ പാർട്ടി യോഗത്തിൽ തീരുമാനിച്ചു. ഗാന്ധി കുടുംബവുമായി വലിയ ബന്ധമുള്ള സ്ഥലമാണ് റായ്ബറേലി. റായ്ബറേലി സീറ്റിൽ തുടരുന്നതാണു നല്ലതെന്നാണ് അവിടുത്തെ പാർട്ടി പ്രവർത്തകർ പറയുന്നത്. വയനാട്ടിലും ഇതേ ആവശ്യം ഉയർന്നു. പക്ഷേ, രണ്ടു സീറ്റിൽ തുടരാൻ നിയമം അനുവദിക്കുന്നില്ല. ഇതിനാൽ വയനാട് ഒഴിയാൻ തീരുമാനിച്ചു. പ്രിയങ്ക വയനാട്ടിൽ മത്സരിക്കും’’– യോഗത്തിനുശേഷം ഖാർഗെ പറഞ്ഞു.

വയനാട്ടിലെ ജനങ്ങളോട് രാഹുൽ ഗാന്ധി നന്ദിയറിയിച്ചു. വയനാട് പോരാടാനുള്ള ഊർജം തന്നെന്നും ജീവനുള്ളകാലം മനസിലുണ്ടാകുമെന്നും രാഹുൽ പറഞ്ഞു. പ്രിയങ്ക തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോവുകയാണ്. അവർ ജയിക്കുമെന്ന് നല്ല ആത്മവിശ്വാസമുണ്ട്. പാർലമെന്റിൽ തങ്ങൾക്ക് രണ്ട് പ്രതിനിധികളുണ്ടെന്ന് വയനാട്ടുകാർക്ക് കരുതാം. പ്രിയങ്കയും താനും. തന്‍റെ വാതിലുകൾ എപ്പോഴും വയനാട്ടുകാർക്കായി തുറന്നിരിക്കും. വയനാട്ടിലെ ഓരോരുത്തരെയും താൻ സ്നേഹിക്കുന്നുവെന്നും രാഹുൽ പറഞ്ഞു.

വയനാട്ടിലെ ജനങ്ങൾക്ക് രാഹുലിന്‍റെ അസാന്നിധ്യം നേരിടേണ്ടിവരില്ലെന്ന് പ്രിയങ്ക പറഞ്ഞു. വയനാടിന്‍റെ നല്ല പ്രതിനിധിയാകാൻ അധ്വാനിക്കും. റായ്ബറേലിയും അമേത്തിയുമായി തനിക്ക് ഏറെക്കാലത്തെ ബന്ധമുണ്ട്. അത് ഉപേക്ഷിക്കാനാകില്ല. റായ്ബറേലിയിൽ സഹോദരനെ സഹായിക്കാനും താനുണ്ടാകും. തങ്ങൾ ഇരുവരും വയനാട്ടിലും റായ്ബറേലിയിലും ഉണ്ടാകുമെന്നും പ്രിയങ്ക പറഞ്ഞു.

റായ്ബറേലി മണ്ഡലത്തിൽ ഇത്തവണ രാഹുൽ 3.9 ലക്ഷത്തിന്‍റെ ഭൂരിപക്ഷമാണു നേടിയത്. ബി.ജെ.പി സ്ഥാനാർഥി ദിനേശ് പ്രതാപ് സിങ്ങിനെയാണ് പരാജയപ്പെടുത്തിയത്. വയനാട്ടിൽ 3.64 ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയം. സി.പി.ഐയുടെ ആനിരാജ രണ്ടാം സ്ഥാനത്തും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മൂന്നാമതുമായി.

Tags:    
News Summary - Rahul Gandhi to quit Wayanad, Priyanka will contest in by election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.