​'ഹിന്ദു വെറുപ്പ് പറയില്ല, അക്രമത്തിൽ ഏർപ്പെടില്ല, നിങ്ങൾ ഹിന്ദുവല്ല’ -ബി.ജെ.പിക്കെതിരെ സഭയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി:  ഹിന്ദുക്കളെന്ന് അവകാശപ്പെട്ട് ബി.ജെ.പി അക്രമവും വിദ്വേഷവും വിതക്കുകയാണെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ ലോക്സഭയിൽ ബഹളം. ഹിന്ദുക്കളെന്ന് സ്വയം വിശേഷിപ്പിക്കുന്നവർ അക്രമത്തെയും വിദ്വേഷത്തെയും നുണകളെ കുറിച്ചും മാത്രമാണ് സംസാരിക്കുന്നതെന്നും അവർ ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നില്ലെന്നുമാണ് രാഹുൽ ബി.ജെ.പിയെ ലക്ഷ്യമിട്ട് പറഞ്ഞത്. ലോക്സഭയിൽ നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. 

തുടർന്ന്, രാഹുലിന്റെ പ്രസംഗം തടസ്സപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ഹിന്ദു സമൂഹത്തെ മുഴുവൻ അക്രമാസക്തരായി ചിത്രീകരിച്ചത് ഗൗരവമുള്ള കാര്യമാണെന്ന് പറഞ്ഞു. സഭയിൽ ഭരണ-പ്രതിപക്ഷ ബഹളം തുടരുന്നതിനിടെ, പരാമർശത്തിൽ രാഹുൽ മാപ്പു പറയണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു. രാഹുൽ നിയമപ്രകാരം സംസാരിക്കണമെന്ന് ലോക്സഭ സ്പീക്കർ ഓം ബിർളയും ആവശ്യപ്പെട്ടു.

ബി.ജെ.പി ഈ രാജ്യത്ത് എത്രത്തോളം ഭയം നിറച്ചുവെന്നും രാഹുൽ ചോദിച്ചു. രാമജൻമ ഭൂമിയായ അയോധ്യ ബി.ജെ.പിക്ക് മറുപടി നൽകിയെന്നും രാഹുൽ ഗാന്ധി പ്രസംഗത്തിനിടെ സൂചിപ്പിച്ചു. അയോധ്യയിൽ മത്സരി​ക്കണോയെന്ന് മോദി രണ്ടുതവണ പരിശോധിച്ചു. അയോധ്യയിൽ മത്സരിക്കാൻ സാധിക്കുമോയെന്ന് പ്രധാനമന്ത്രി സർവേ നടത്തി. സർവേ നടത്തിയവർ വേണ്ടെന്നു പറഞ്ഞു. അങ്ങനെയാണ് അദ്ദേഹം വാരാണസിയിൽ മത്സരിച്ചത്. വാരാണസിയിൽ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. അയോധ്യയിൽ ക്ഷേത്ര ഉദ്ഘാടനത്തിന് അംബാനിയും അദാനിയും ഉണ്ടായിരുന്നു. എന്നാൽ അയോധ്യ നിവാസികൾ ഉണ്ടായിരുന്നില്ല.-രാഹുൽ പറഞ്ഞു. 

പ്രസംഗത്തിനിടെ ശിവന്റെ ചിത്രം ഉയർത്തിക്കാട്ടിയ രാഹുൽ, ശിവന്റെ അഭയമുദ്രയാണ് കോൺഗ്രസിന്റെ അടയാളമെന്ന് വാദിച്ചു. എന്നാൽ അഭയമുദ്രയെ കുറിച്ച് സംസാരിക്കാൻ രാഹുലിന് അവകാശമില്ലെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. സഭയിൽ ആരുടെയും ചിത്രം കാണിക്കരുതെന്ന് സ്പീക്കറും പറഞ്ഞു.

''ശിവന്റെ അഭയമുദ്രയാണ് കോൺഗ്രസിന്റെ ചിഹ്നം. നിർഭയത്വത്തിന്റെ പ്രതീകമാണ് അഭയമുദ്ര. ഹിന്ദുമതം, ഇസ്‍ലാം മതം, സിഖ്-ബുദ്ധ മതങ്ങളുൾപ്പെടെ ഇന്ത്യയിലെ എല്ലാ മതങ്ങൾക്കും സമാധാനവും സന്തോഷവും ഉറപ്പു നൽകുന്നതാണ് ആ മുദ്ര. നമ്മുടെ മഹാന്മാർ അഹിംസയെക്കുറിച്ചും ഭയം അവസാനിപ്പിക്കുന്നതിനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്... പക്ഷേ, സ്വയം ഹിന്ദുവെന്ന് വിളിക്കുന്നവർ അക്രമത്തെയും വിദ്വേഷത്തെയും അസത്യത്തെയും കുറിച്ച് മാത്രമേ സംസാരിക്കൂ... നിങ്ങൾ ഹിന്ദുക്കളല്ല.''-എന്നായിരുന്നു രാഹുൽ ഗാന്ധിസഭയിൽ പറഞ്ഞത്. മഹാത്മാ ഗാന്ധി മരിച്ചുവെന്നും ഗാന്ധിയെ പറ്റി ലോകമറിഞ്ഞത് ഒരു സിനിമയിലൂടെയാണെന്നും പ്രധാനമന്ത്രി പറയുന്നു. ഈ അജ്ഞത നിങ്ങൾക്ക് മനസിലാക്കാൻ സാധിക്കു​മോ? ധീരതയെ കുറിച്ച് സംസാരിക്കുന്നത് ഒരു മതം മാത്രമല്ല, എല്ലാ മതങ്ങളും ധീരതയെ കുറിച്ചാണ് സംസാരിക്കുന്നതെന്നും രാഹുൽ പറഞ്ഞു.  

മണിപ്പൂരിനെ ബി.ജെ.പി ആഭ്യന്തര കലാപത്തിലേക്ക് തള്ളിവിട്ടുവെന്നും രാഹുൽ വിമർശിച്ചു. ഒരിക്കൽ പോലും അവിടം സന്ദർശിക്കാൻ മോദി തയാറായില്ല. രാജ്യത്ത് വീരമൃത്യ സംഭവിച്ചാലും സഹായമില്ലെന്നും രാഹുൽ ആരോപിച്ചു. എന്നാൽ ഈ പരാമർശത്തെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എതിർത്തു.

നീറ്റ് പരീക്ഷക്കെതിരെയും രാഹുൽ ആഞ്ഞടിച്ചു. നീറ്റ് പ്രഫഷനൽ പരീക്ഷയല്ല, കൊമേഴ്സ്യൽ പരീക്ഷയായി മാറി. രാജ്യത്തെ സമ്പന്നരുടെ പരീക്ഷയായി നീറ്റിനെ കേന്ദ്രസർക്കാർ മാറ്റി. ഏഴ് വർഷത്തിനിടെ 70 തവണ ചോദ്യ പേപ്പർ ചോർന്നു. പരീക്ഷ നടത്തിപ്പിന്റെ പാളിച്ചയാണ് നീറ്റിൽ കണ്ടതെന്നും രാഹുൽ ഓർമപ്പെടുത്തി. 

Tags:    
News Summary - Rahul Gandhi vs PM Modi in Lok Sabha over 'Hindu' remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.