ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന നിർണായകമായ ലോക്‌സഭാ തെരഞ്ഞെടുപ്പിന് അരയും തലയും മുറുക്കി കോൺഗ്രസ്. രാജ്യത്തെ യുവാക്കൾക്കും തൊഴിൽരഹിതർക്കും വേണ്ടി കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പ്രഖ്യാപിക്കും. ബുധനാഴ്ച മധ്യപ്രദേശിലെ ബദ്‌നാവർ ജില്ലയിൽ രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും അഭിസംബോധന ചെയ്യുന്ന റാലിയിലാണ് പ്രഖ്യാപനമുണ്ടാവുകയെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
കേരളം, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥി പട്ടിക അന്തിമമാക്കാൻ ഖാർഗെയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി വ്യാഴാഴ്ച യോഗം ചേരുന്നുണ്ട്. മറ്റു പാർട്ടികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം മുന്നോട്ടുകൊണ്ടു പോകുന്ന സാഹചര്യത്തിൽ പോരാട്ടത്തിന് സർവസജ്ജമായി തയാറെടുക്കുകയാണ് കോൺഗ്രസ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടി പ്രകടനപത്രിക തയ്യാറാക്കാൻ ചുമതലപ്പെടുത്തിയ കോൺഗ്രസ് കമ്മിറ്റി മാനിഫെസ്റ്റോയുടെ കരട് തയ്യാറാക്കിയിട്ടുണ്ട്.
കരട് റിപ്പോർട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് സമർപ്പിക്കുമെന്ന് പ്രകടനപത്രിക സമിതി അധ്യക്ഷനായ മുൻ ധനമന്ത്രി പി. ചിദംബരം പറഞ്ഞു. വ്യത്യസ്‌ത പ്രായക്കാരെ ലക്ഷ്യമിട്ട് അടുത്തയാഴ്ച ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം ആരംഭിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുകയാണ്.
കർഷകർക്ക് മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പ് വാഗ്ദാനം ചെയ്യുന്ന ഹോർഡിങ്ങുകളും കോൺഗ്രസ് സ്ഥാപിക്കും. അധികാരത്തിലെത്തിയാൽ രാജ്യവ്യാപകമായി ജാതി സെൻസസ് നടത്തുമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഊർജം പകരാൻ കോൺഗ്രസ് ഒരു ലക്ഷം ബൂത്ത് ലെവൽ ഏജന്റുമാരെ (ബി.എൽ.എ) നിയമിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.