ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ബാഗ് പരിശോധിച്ച് തെരഞ്ഞെടുപ്പ് കമീഷൻ. മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമരാവതിയിൽ എത്തിയപ്പോഴാണ് തെരഞ്ഞെടുപ്പ് കമീഷൻ രാഹുലിന്റെ ബാഗ് പരിശോധിച്ചത്. ഇത് ബി.ജെ.പിയും പ്രതിപക്ഷ പാർട്ടികളും തമ്മിലുള്ള വാക്പോരിനും കാരണമായി.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ രാഹുലിന്റെ ബാഗ് പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കോൺഗ്രസ് നേതാക്കൾ നോക്കിനിൽക്കെയായിരുന്നു തെരഞ്ഞെടുപ്പ് കമീഷൻ നടപടി. പരിശോധന നടക്കുന്നതിനിടെ രാഹുൽ നടന്നുനീങ്ങുന്നതും വിഡിയോയിൽ കാണാം.
നേരത്തെ പ്രതിപക്ഷ നേതാക്കളുടെ ബാഗുകൾ പരിശോധിക്കുന്നതിനെതിരെ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബി.ജെ.പി നേതാക്കളുടെയും ബാഗുകൾ ഇത്തരത്തിൽ പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ തയാറാവുമോയെന്നായിരുന്നു ഉദ്ധവ് താക്കറെയുടെ ചോദ്യം.
ഝാർഖണ്ഡിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഹെലികോപ്ടറിന് ടേക്ക് ഓഫിനുള്ള അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് പുതിയ സംഭവം. ഇതുമൂലം രാഹുലിന്റെ ഹെലികോപ്ടർ രണ്ട് മണിക്കൂറോളം വൈകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.