ന്യൂഡൽഹി: മഹാത്മാഗാന്ധിയുടെയും മുൻ പ്രധാനമന്ത്രിമാരുടെയും സമാധികേന്ദ്രങ്ങൾ സന്ദർശിച്ച കൂട്ടത്തിൽ രാഹുൽ ഗാന്ധി മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ സ്മാരകത്തിൽ പോയി പുഷ്പാർച്ചന നടത്തിയതിനെച്ചൊല്ലി കോൺഗ്രസിൽ വിമർശനം. സ്വാഗതംചെയ്ത് ബി.ജെ.പി.
ഭാരത് ജോഡോ യാത്ര ഡൽഹിയിൽ എത്തിയതിനു പിന്നാലെയാണ് രാഹുൽ രാജ്യത്തിന്റെ മുൻ നേതാക്കൾക്ക് ആദരമർപ്പിച്ചത്. ജവഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയവരുടെ സ്മാരകങ്ങളിൽ അദ്ദേഹം പോയി. വാജ്പേയിയുടെ ജന്മവാർഷികമായിരുന്നു തിങ്കളാഴ്ച.
എന്നാൽ, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ ഓഫിസിൽ സമൂഹമാധ്യമങ്ങളുടെ ഏകോപനം നടത്തുന്ന ഗൗരവ് പന്ഥിയുടെ ട്വിറ്റർ സന്ദേശം വാജ്പേയി ആരായിരുന്നുവെന്ന് കോൺഗ്രസുകാരെ ഓർമിപ്പിച്ചു.
1942ൽ മറ്റ് ആർ.എസ്.എസുകാരെപ്പോലെ ക്വിറ്റിന്ത്യ പ്രക്ഷോഭം ബഹിഷ്കരിച്ച, അതിൽ പങ്കെടുത്തവരെക്കുറിച്ച് ബ്രിട്ടീഷുകാർക്ക് ഒറ്റിക്കൊടുത്തയാളാണ് വാജ്പേയി. നല്ലി കൂട്ടക്കൊലയിലും ബാബരി മസ്ജിദ് പൊളിച്ചതിലും ജനത്തെ പ്രകോപിതരാക്കുന്നതിൽ വാജ്പേയി പ്രധാന പങ്കുവഹിച്ചിട്ടുണ്ട് -അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിക്കുള്ള കുറ്റപത്രമായിവന്ന ട്വീറ്റ് കോൺഗ്രസ് പിൻവലിപ്പിച്ചു. രാഹുലിന്റെ നിലപാടാണ് പാർട്ടിക്കെന്ന് വിശദീകരിക്കുകയും ചെയ്തു. പല ആശയധാരകളിലൂടെയാണ് ജനാധിപത്യം രൂപപ്പെട്ടതെന്നും ബി.ജെ.പിമുക്ത ഭാരതത്തിൽ പാർട്ടി വിശ്വസിക്കുന്നില്ലെന്നും കോൺഗ്രസ് വക്താവ് സുപ്രിയ ഷ്റിനാറ്റെ പറഞ്ഞു.
വിഷലിപ്തമായവ ഒഴികെ എല്ലാ ചിന്താധാരക്കും അതിന്റേതായ സ്ഥാനമുണ്ട്. വാജ്പേയി സർക്കാർ ഭരണഘടനക്ക് അനുസൃതമായാണ് പ്രവർത്തിച്ചത്. 2002ലെ ഗുജറാത്ത് വംശഹത്യക്ക് പിന്നാലെ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് ‘രാജ്യധർമം’ ഉപദേശിച്ചയാളാണ് വാജ്പേയി. അതൊക്കെ മോദിയെ ഓർമിപ്പിക്കുന്നതാണ് രാഹുലിന്റെ യാത്രയെന്നും കോൺഗ്രസ് വക്താവ് പറഞ്ഞു.
രാഹുലിന്റെ വാജ്പേയി സ്മൃതിയാത്രയെ ബി.ജെ.പി സ്വാഗതംചെയ്തു. രാജ്യത്തിന്റെ മുൻ നേതാക്കളെ ഓർക്കേണ്ടത് ഒരു രാഷ്ട്രീയനേതാവിന്റെ ധർമമാണ്. രാഹുൽ അത് ചെയ്തു. അതിന്റെ പേരിലുണ്ടായ തെറ്റായ പരാമർശങ്ങൾക്ക് കോൺഗ്രസ് മാപ്പുപറയണം. അതല്ലെങ്കിൽ രാഹുലിന്റെ മനോഗതമാണ് ഗൗരവ് പന്ഥി പുറത്തുവിട്ടതെന്ന് സംശയിക്കേണ്ടിവരുമെന്നും ബി.ജെ.പി വക്താവ് ഷഹ്സാദ് പൂനവാലെ പറഞ്ഞു.
ന്യൂഡൽഹി: കോൺഗ്രസ് മുക്ത ഭാരതത്തിനായി പണിയെടുക്കുന്ന ബി.ജെ.പിയെ ഇത്രത്തോളം വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ച വാജ്പേയിയുടെ കുടീരം രാഹുൽ ഗാന്ധി സന്ദർശിച്ചതിനെതിരെ കേരളത്തിൽനിന്ന് വിമർശനം.
സി.പി.എം പാർട്ടി കോൺഗ്രസിലെ ഒരു സെമിനാറിൽ പങ്കെടുത്ത് സൗഹൃദം കാണിച്ചതിന് കെ.വി. തോമസിനെ പുറന്തള്ളിയ പാർട്ടിയുടെ നേതാവാണ് ഇങ്ങനെ ചെയ്തതെന്നാണ് ഒരു വിമർശനം. കേരളത്തിൽ മത്സരിക്കുന്നെങ്കിലും ദേശീയതലത്തിൽ കോൺഗ്രസും സി.പി.എമ്മും ബി.ജെ.പിക്കെതിരായിട്ടുകൂടി തോമസിന് ഇളവ് കിട്ടിയില്ല.
എട്ടു വർഷമായി രാജ്യം ഭരിക്കുന്ന മോദി മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയവരുടെ സമാധിസ്ഥാനങ്ങളിൽ ഒരിക്കൽപോലും പോയിട്ടില്ല. പാർലമെന്റിൽ മുമ്പ് നരേന്ദ്ര മോദിയെ ചെന്ന് കെട്ടിപ്പിടിച്ചതുപോലൊരു രാഷ്ട്രീയാബദ്ധമാണ് രാഹുൽ ആവർത്തിച്ചതെന്ന വിമർശനവും കോൺഗ്രസിൽനിന്നുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.