പനജി: പതിവിൽ നിന്നും വിപരീതമായി ഇപ്രാവശ്യം അവധിക്കാലം അടിച്ചുപൊളിക്കുന്നത് രാഹുൽ ഗാന്ധിയല്ല, സോണിയാ ഗാന്ധിയാണ്. സാധാരണ അവധിക്കാലം വിദേശത്തും മറ്റും ചിലവഴിച്ചിരുന്ന രാഹുൽ, ഗുജറാത്ത്- ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിന്റെ തിരക്കിലാണ്. എന്നാൽ ഇത്തവണ ഇക്കാര്യങ്ങളിലൊന്നും തലയിടാതെ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ഗോവയിലേക്ക് തിരിച്ചു. ഇത്രയും കാലം തനിക്ക് അന്യമായിരുന്ന അവധിക്കാലം ചിലവിടാൻ. ജനുവരി ആദ്യ ആഴ്ചയും കഴിഞ്ഞേ ഇനി സോണിയ ഡൽഹിയിലേക്ക് തിരിക്കൂ എന്നാണ് ലഭിക്കുന്ന വിവരം.
തന്റെ ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നായ ലീലാ റിസോർട്ടിലാണ് ഇവർ ഇപ്പോഴുള്ളത്. മകന് സ്ഥാനമേൽപ്പിച്ച സോണിയ വളരെയധികം സന്തോഷവതിയാണ് എന്നത് വ്യക്തമാണ്. ലീലയിലെ മറ്റ് ടൂറിസ്റ്റുകളുമായി സംസാരിക്കാനും ഒഴിവു സമയങ്ങളിൽ സൈക്കിൾ ചവിട്ടാനും ടൂറിസ്റ്റുകളോടൊത്ത് സെൽഫിയെടുക്കാനും ഇവർ സമയം കണ്ടെത്തുന്നു. വളരെയടുത്ത സുഹൃത്തുക്കളോടൊത്ത് യോഗയും വായനയുമായാണ് അവധി ആഘോഷം.
പ്രാതലിന്റെ സമയത്ത് മസാലദോശക്ക് ഓർഡർ കൊടുത്ത് ക്ഷമയോടെ കാത്തിരിക്കുന്ന സോണിയ ഇവിടെ താമസിക്കുന്ന മറ്റ് അതിഥികൾക്ക് കൗതുകക്കാഴ്ചയാണ്. ഏറ്റവും കൂടുതൽ കാലം കോൺഗ്രസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചതിന് ശേഷം മകന് ചെങ്കോൽ കൈമാറി സ്വസ്ഥമായി റിട്ടയർമെന്റ് ജീവിതം ആസ്വദിക്കുകയാണ് ഇപ്പോൾ സോണിയ.
ഇത് ആദ്യമായല്ല, ഇവർ ഗോവയിലെ ലീലാ റിസോർട്ടിൽ എത്തുന്നത്. ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം കൂടിയ സമയത്തും ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ള സോണിയയോട് നഗരം വിടാൻ ഡോക്ടർമാർ നിർദേശിച്ചിരുന്നു. അന്നും രണ്ടാഴ്ച ഈ റിസോർട്ടിലാണ് സോണിയ തങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.