റെയിൽവേ ടിക്കറ്റിന് 20 രൂപ ബാക്കി കിട്ടാത്തതിന് 22 വർഷ നിയമപോരാട്ടം ഒടുവിൽ, തുംഗനാഥിന് ജയം

ന്യൂഡൽഹി: ടിക്കറ്റിന് 20 രൂപ അമിതമായി ഈടാക്കിയതിനെതിരെ ഇന്ത്യൻ റെയിൽവേക്കെതിരെ യു.പി മഥുര സ്വദേശി തുംഗനാഥ് ചതുർവേദി നടത്തിയ നിയമപോരാട്ടത്തിൽ നീതി ലഭിക്കാൻ എടുത്തത് നീണ്ട 22 വർഷം.

1999ൽ നടന്ന സംഭവത്തിൽ മഥുര ജില്ല ഉപഭോക്തൃ കോടതിയിൽനിന്ന് 66കാരനായ തുംഗനാഥിന് കഴിഞ്ഞ ആഴ്ചയാണ് നീതി ലഭ്യമായത്. അധിക തുക ഈടാക്കിയ 20 രൂപക്ക് 1999 മുതൽ പ്രതിവർഷം 12 ശതമാനം പലിശയോടുകൂടി ഒരു മാസത്തിനുള്ളിൽ നൽകാൻ കോടതി വിധിച്ചു. ഒരു മാസത്തിനകം നൽകിയില്ലെങ്കിൽ 15 ശതമാനമായി പലിശ നിരക്ക് ഉയർത്തുമെന്നും കോടതി അറിയിച്ചു. ഇത്രയും കാലത്തെ നിയമപോരാട്ടത്തിനുണ്ടായ സാമ്പത്തികവും മാനസികവുമായ പ്രയാസങ്ങൾക്ക് നഷ്ടപരിഹാരമായി 15,000 രൂപ അധികമായി നൽകാനും കോടതി വിധിച്ചു.

1999 ഡിസംബർ 25ന് സുഹൃത്തിനൊപ്പം അഭിഭാഷകനായ തുംഗനാഥ് ചതുർവേദി മഥുര കന്‍റോൺമെന്‍റ് റെയിൽവേ േസ്റ്റഷനിൽ നിന്ന് മുറാദാബാദിലേക്ക് ടിക്കറ്റ് എടുത്തപ്പോഴാണ് 20 രൂപ അധികമായി ഈടാക്കിയത്. 100 രൂപ നൽകി ടിക്കറ്റ് ആവശ്യപ്പെട്ട തുംഗനാഥിന് കൗണ്ടറിലുണ്ടായിരുന്ന ക്ലർക്ക് ടിക്കറ്റിന്‍റെ വിലയായ 70 രൂപ എടുത്ത് 30 രൂപ മടക്കി നൽകുന്നതിന് പകരം 10 രൂപ മാത്രമാണ് നൽകിയത്. ഇക്കാര്യം തുംഗനാഥ് ക്ലർക്കിന്‍റെ ശ്രദ്ധയിൽപെടുത്തിയെങ്കിലും അയാൾ കൃത്യമായ ഉത്തരം നൽകാതെ ഒഴിഞ്ഞുമാറി.

ഇതോടെ തുംഗനാഥ് നോർത്ത് ഈസ്റ്റ് റെയിൽവേ, മഥുര കാന്‍റ് സ്റ്റേഷൻ മാസ്റ്റർ, ടിക്കറ്റ് ബുക്കിങ് ക്ലർക്ക് എന്നിവർക്കെതിരെ ജില്ല ഉപഭോക്തൃ കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു.

Tags:    
News Summary - Railway ticket refund issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.