ന്യൂഡൽഹി: ജീവനക്കാരുടെ കുറവ് നികത്താൻ പുതിയ നിയമനം നടത്തുന്നതിന് പകരം വിരമിച്ചവരെ വീണ്ടും നിയമിക്കാൻ റെയിൽവേ ഒരുങ്ങുന്നു. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപണം ഉന്നയിക്കുന്നതിനിടെയാണ് വിരമിച്ച ഉദ്യോഗസ്ഥരെ രണ്ടുവർഷ കരാറിൽ പുനർനിയമിക്കാനുള്ള തീരുമാനം.
വിവിധ സോണുകളിൽ ആയിരക്കണക്കിന് തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇതിൽ സൂപ്പർവൈസർ മുതൽ ട്രാക്ക്മാൻ വരെയുള്ള തസ്തികകളിലേക്ക് വിരമിച്ച 65 വയസ്സിന് താഴെയുള്ളവർക്ക് അപേക്ഷിക്കാനാവും. മെഡിക്കൽ ഫിറ്റ്‌നസും അവസാന അഞ്ച് വർഷത്തെ പ്രകടനമികവും അടിസ്ഥാനമാക്കി സോണൽ ജനറൽ മാനേജർമാർ നിയമനം നൽകും. തീർപ്പുകൽപിക്കാത്ത അച്ചടക്ക നടപടികളോ വിജിലൻസ് കേസുകളോ ഉണ്ടെങ്കിൽ നിയമനം നൽകില്ല.
അവസാനം ലഭിച്ച ശമ്പളത്തിൽ നിന്ന് നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന അടിസ്ഥാന പെൻഷൻ തുക കുറച്ചായിരിക്കും ലഭിക്കുന്ന ശമ്പളം. യാത്രാ അലവൻസുകളും ലഭിക്കും. മറ്റു ആനുകൂല്യങ്ങൾക്കോ ശമ്പള വർധനക്കോ അർഹതയുണ്ടാകില്ല.
ട്രെയിൻ അപകടങ്ങൾ രാജ്യത്ത് കുത്തനെ ഉയർന്നിട്ടും ജീവനക്കാരുടെ കുറവ് നികത്താത്തതിൽ വലിയ വിമർശനം ഉയർന്നിരുന്നു. നിർണായക പ്രവൃത്തികളിൽ മേൽനോട്ടം വഹിക്കാനും ജോലി ചെയ്യാനും അടിയന്തരമായി ആളുകളെ ആവശ്യമുള്ളതുകൊണ്ടാണ് വിരമിച്ച ജീവനക്കാരെ വീണ്ടും നിയമിക്കുന്നതെന്നാണ് റെയിൽവേ ബോർഡ് നൽകുന്ന വിശദീകരണം.
ചെറുപ്പക്കാർ തൊഴിലിനായി പരക്കംപായുമ്പോൾ പുതിയ തസ്തികകൾ സൃഷ്ടിച്ച് തൊഴിലില്ലായ്മയെ നേരിടേണ്ട പശ്ചാത്തലത്തിൽ, നിലവിലുള്ള ഒഴിവുകളിലേക്കുപോലും വിരമിച്ച ഉദ്യോഗസ്ഥരെ നിയമിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും പിന്മാറണെന്നും വ്യക്തമാക്കി എ.എ. റഹീം എം.പി കഴിഞ്ഞ ദിവസം റെയിൽവേ മന്ത്രിക്ക് കത്തയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.