തൊഴിലിനായി യുവാക്കൾ കാത്തിരിക്കുമ്പോൾ വിരമിച്ചവർക്ക് വീണ്ടും നിയമനം; റെയിൽവേയുടെ നീക്കത്തിൽ വ്യാപക പ്രതിഷേധം

ന്യൂഡൽഹി: സ്റ്റാഫ് ക്ഷാമം കുറക്കാൻ പുതിയ നിയമനം നടത്തുന്നതിന് പകരം, വിരമിച്ച ജീവനക്കാരെ വീണ്ടും നിയമിക്കാനുള്ള ഇന്ത്യൻ റെയിൽവേയുടെ തീരുമാനത്തിൽ വ്യാപക പ്രതിഷേധമുയരുന്നു. ലക്ഷക്കണക്കിന് യുവാക്കൾ തൊഴിലിനായി കാത്തിരിക്കുമ്പോഴാണ് റെയിൽവേ വിരമിച്ചവരെ വീണ്ടും നിയമിക്കാനുള്ള നീക്കം നടത്തുന്നത്. സമൂഹമാധ്യമങ്ങളിലുൾപ്പെടെ തീരുമാനത്തിൽ രൂക്ഷ വിമർശനമുയർന്നുകഴിഞ്ഞു. വിവിധ സോണുകളിലായി 25,000 തസ്തികകളിൽ വിരമിച്ച ജീവനക്കാരെ വീണ്ടും നിയമിക്കാനാണ് റെയിൽവേ ബോർഡ് അനുമതി നൽകിയിട്ടുള്ളത്. പുതിയ നിയമനങ്ങൾ നിശ്ചലാവസ്ഥയിലായ റെയിൽവേയിൽ മൂന്ന് ലക്ഷത്തോളം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായാണ് റിപ്പോർട്ടുകൾ.

വിരമിച്ച, 65ൽ താഴെ പ്രായമുള്ളവരെയാണ് വീണ്ടും നിയമിക്കാനൊരുങ്ങുന്നത്. സൂപ്പർവൈസർ, ട്രാക്ക് മാൻ തസ്തികകളിൽ ഇത്തരം നിയമനങ്ങൾ നടത്തും. രണ്ട് വർഷത്തേക്കാവും നിയമനം നൽകുക. ഇത് നീട്ടിനൽകാനും അവസരമുണ്ട്. വിവിധ റെയിൽവേ സോണുകളുടെ ജനറൽ മാനേജർമാർക്കാണ് ഇത്തരത്തിൽ നിയമനം നടത്താനുള്ള ചുമതല.

വിരമിച്ച ജീവനക്കാരുടെ ജോലിയിലെ അവസാന അഞ്ച് വർഷത്തെ പ്രകടനം വിലയിരുത്തിയാകും പുനർനിയമനം നൽകുക. അച്ചടക്കനടപടിയോ മറ്റ് അന്വേഷണങ്ങളോ നേരിടുന്നവരെ പരിഗണിക്കില്ല. പുനർനിയമനത്തിനായി മെഡിക്കൽ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് നൽകണം.


പുനർനിയമനം നേടുന്ന ജീവനക്കാർക്ക് അവർ അവസാനം വാങ്ങിയിരുന്ന ശമ്പളത്തിൽ നിന്ന് അടിസ്ഥാന പെൻഷൻ കുറച്ചുള്ള തുകയാവും ശമ്പളമായി നൽകുക. യാത്രാബത്ത ഉണ്ടാകുമെങ്കിലും ശമ്പളവർധനവോ മറ്റ് അധിക ആനുകൂല്യമോ ഉണ്ടാവില്ല.



കടുത്ത സ്റ്റാഫ് ക്ഷാമത്തോടൊപ്പം തുടർച്ചയായി ട്രെയിൻ അപകടങ്ങൾ സംഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് റെയിൽവേ ബോർഡിന്‍റെ നടപടി. സ്റ്റാഫ് ക്ഷാമം കുറക്കാനുള്ള അടിയന്തര നടപടിയെന്ന നിലക്കാണ് വിരമിച്ചവർക്ക് പുനർനിയമനം നൽകുന്നതെന്ന് റെയിൽവേ ബോർഡ് വിശദീകരിക്കുന്നു. 

Tags:    
News Summary - Railways to rehire retired employees under 65 years to address staffing shortage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.