ബംഗളൂരു: ഏഴുദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ബംഗളൂരു-മൈസൂരു പത്തുവരി അതിവേഗ പാതയിൽ മഴയെ തുടർന്ന് വൻവെള്ളക്കെട്ട്. വെള്ളിയാഴ്ച രാത്രി രാമനഗര മേഖലയിൽ ഉണ്ടായ ശക്തമായ മഴയിലാണ് പാതയിൽ വെള്ളപ്പൊക്കമുണ്ടായത്. 8,480 കോടി രൂപ ചെലവിട്ടാണ് അതിവേഗപാത നിർമിച്ചത്. ഹൈവേയുടെ അടിപ്പാതയാണ് ഒറ്റമഴയിൽ വെള്ളത്തിൽമുങ്ങിയത്.
ഇവിടെ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ വാഹനങ്ങൾ അപകടത്തിൽപെടുകയാണ്. ഗതാഗതക്കുരുക്ക് രൂക്ഷമാണ്. പാതയുടെ നിർമാണം നടക്കുമ്പോൾമതിയായ അനുബന്ധ സൗകര്യങ്ങൾ ഒരുക്കിയില്ലെന്നും ഗുണനിലവാരത്തിൽ ശ്രദ്ധിക്കാതെയാണ് പണി നടക്കുന്നതെന്നും ആരോപണമുണ്ടായിരുന്നു.
പാതയിൽ വെള്ളക്കെട്ട് ഉണ്ടായതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. വെള്ളത്തിൽമുങ്ങി വാഹനങ്ങൾ പ്രവർത്തനരഹിതമാകുകയും ചെയ്തു. ഇതോടെ നിരവധി പേർ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കുമെതിരെ രംഗത്തെത്തി.
തന്റെ കാർ വെള്ളത്തിൽ ഓഫായിപോയെന്നും പിറകെ വന്ന ലോറി കാറിലേക്ക് ഇടിച്ചുകയറിയെന്നും ആരാണ് ഇതിനൊക്കെ ഉത്തരവാദിത്തമേൽക്കുക എന്നുമാണ് ഒരാൾ സമൂഹമാധ്യമത്തിൽ ചോദിച്ചത്.
പണികൾ കൃത്യമായി പൂർത്തിയാക്കാതെ നിയമസഭ തെരഞ്ഞെടുപ്പ് നേട്ടത്തിനായാണ് ധിറുതിപിടിച്ച് ഉദ്ഘാടനം ചെയ്തതെന്നും നിരവധി പേർ ആരോപിച്ചു. മാർച്ച് 12നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 118 കി.മീറ്റർ ബംഗളൂരു-മൈസൂരു അതിവേഗ റോഡ് ഉദ്ഘാടനം ചെയ്തത്.
ഇരുനഗരങ്ങളും തമ്മിലുള്ള യാത്രാസമയം മൂന്നു മണിക്കൂറിൽ നിന്ന് 75 മിനിറ്റായി കുറയുമെന്നാണ് ദേശീയപാത അതോറിറ്റി പറയുന്നത്. എന്നാൽ, അതിവേഗപാതയിലേക്ക് കയറാൻ ബംഗളൂരു നഗരത്തിൽ ഏറെ നേരം കാത്തുനിൽക്കേണ്ട അവസ്ഥയിലാണ് വാഹനങ്ങൾ.
ആറുവരി പ്രധാന പാതക്ക് ഇരുവശത്തുമായുള്ള നാലുവരി സർവിസ് റോഡുകൾ ഇനിയും പൂർത്തിയായിട്ടില്ല. ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന രാജരാജേശ്വരി മെഡിക്കൽ കോളജിനു സമീപത്തെ കമ്പിപുര മുതൽ മാണ്ഡ്യ നിദ്ദഘട്ട വരെ വരുന്ന 57 കിലോമീറ്ററിലെ പലയിടങ്ങളിലും സർവിസ് റോഡുകളുടെ നിർമാണം തീർന്നിട്ടില്ല. പണികൾ തീരാതെ ടോൾ പിരിവ് തുടങ്ങിയതിനെതിരെ വിവിധ സംഘടനകൾ സമരത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.