മുംബൈ: സെലിബ്രിറ്റി വ്യവസായിയും ബോളിവുഡ് താരം ശിൽപ്പ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രക്കെതിരായ നീലചിത്ര നിർമാണ കേസിൽ പ്രധാന സാക്ഷികളാകുക നാലു ജീവനക്കാർ. കുന്ദ്രയുടെ കമ്പനിയിലെ നാലു ജീവനക്കാരുടെ സാക്ഷിമൊഴിയാണ് കേസിൽ നിർണായകം.
ജൂലൈ 19നാണ് നീലചിത്ര നിർമാണ -വിതരണവുമായി ബന്ധെപ്പട്ട് കുന്ദ്ര അറസ്റ്റിലാകുന്നത്. ക്രിമിനൽ കുറ്റകൃത്യം, ഐ.ടി നിയമം തുടങ്ങിയവ പ്രകാരമായിരുന്നു അറസ്റ്റ്.
കുന്ദ്രയുടെ നാല് ജീവനക്കാരാണ് പ്രധാന സാക്ഷികളെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു. രാജ് കുന്ദ്രയും മറ്റുള്ളവരും കേസിൽ സഹകരിക്കുന്നില്ലെങ്കിലും നാലു ജീവനക്കാർ നിർണായക സാക്ഷി മൊഴിയുമായി രംഗത്തെത്തുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ബിസിനസ് ഡീലുകൾ, സാമ്പത്തിക സ്രോതസുകൾ, റാക്കറ്റ് വിവരങ്ങൾ തുടങ്ങിയവ ഇവരിൽനിന്ന് ലഭിച്ചതായാണ് വിവരം.
റാക്കറ്റിെൻറ പ്രവർത്തനങ്ങളും വരുമാന സ്രോതസും അന്വേഷിക്കുകയാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് സംഘം. നാലുപേരുടെയും മൊഴി മജിസ്ട്രേറ്റിന് മുമ്പിൽ ഉടൻ രേഖപ്പെടുത്തിയേക്കും.
ശനിയാഴ്ച മുംബൈ പൊലീസ് ക്രൈംബ്രാഞ്ച് അന്ദേരിയിലെ രാജ് കുന്ദ്രയുടെ ഓഫിസായ വിയാനിൽ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ രാജ് കുന്ദ്രയുടെ ഓഫിസിൽനിന്ന് രഹസ്യലോക്കർ കണ്ടെടുത്തതായാണ് വിവരം. ബിസിനസ്, ക്രിപ്റ്റോ കറൻസി തുടങ്ങിയവയുടെ രേഖകൾ ഇതിൽ അടങ്ങിയിരിക്കുന്നതായും പറയുന്നു. എല്ലാ രേഖകളും വിശദമായി പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.