ഉദയ്പൂർ (രാജസ്ഥാൻ): രാഷ്ട്രീയ സ്വയം സേവക് സംഘ് തലവൻ മോഹൻ ഭഗവതിന്റെ 'അഖണ്ഡ് ഭാരത്' പരാമർശത്തോട് പ്രതികരിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹലോട്ട്. മുൻ ഉപപ്രധാനമന്ത്രി സർദാർ പട്ടേൽ ആർ.എസ്.എസിനെ നിരോധിച്ചിട്ടുള്ളതായി ഗെഹലോട്ട് ഓർമിപ്പിച്ചു.
''അവർ 'അഖണ്ഡ് ഭാരത്' എന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്, എന്നാൽ സർദാർ പട്ടേൽ ആർ.എസ്.എസിനെ നിരോധിച്ചിരുന്നു. ഒരിക്കലും രാഷ്ട്രീയത്തിൽ ഇടപെടില്ലെന്ന് ആർ.എസ്.എസ് രേഖാമൂലം നൽകിയിരുന്നു. മാത്രമല്ല അവർ സാംസ്‌കാരിക പരിപാടികളിൽ മാത്രം മുഴുകും എന്നുമാണ് അറിയിച്ചിരുന്നത്.
ആർ.എസ്.എസ് ഗാന്ധിയെയും പട്ടേലിനെയും അംബേദ്കറെയും ഉപയോഗിക്കുന്നു. ജനസംഘമോ ഇപ്പോൾ ബി.ജെ.പിയോ ആർ.എസ്.എസോ ഒരിക്കലും അവരെ വിശ്വസിച്ചിട്ടില്ല. തെരരഞ്ഞെടുപ്പിൽ വിജയിക്കാൻ മാത്രമാണ് അവർ അവരുടെ പേരുകൾ എടുക്കുന്നത്'' -അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ഒരു പരിപാടിയെ അഭിസംബോധന ചെയ്യവെയാണ് മോഹൻ ഭാഗവത് പരാമർശം നടത്തിയത്. "20 മുതൽ 25 വർഷത്തിനുള്ളിൽ ഒരു അഖണ്ഡ ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടും. ഇത് സംഘത്തിന്റെ എല്ലാക്കാലത്തും പരമമായ വിശ്വാസമാണ്. എല്ലാവരും ഒരുമിച്ച് ഈ ശ്രമം വേഗത്തിലാക്കുകയാണെങ്കിൽ അത് ഉടൻ പൂർത്തീകരിക്കാൻ സാധിക്കും. ഇതിനർത്ഥം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 100 വർഷം തികയുന്ന വേളയിൽ സംഘത്തിന് അഖണ്ഡ ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയും എന്നാണ്'' -ഭാഗവത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.