ന്യൂഡൽഹി: രാജ്സഥാനിലെ ആൽവർ ജില്ലയിൽ ഒരാളെ കൊലപ്പെടുത്തുകയും രണ്ടുപേരെ പരിക്കേൽപിക്കുകയും ചെയ്ത ഗോരക്ഷക ഗുണ്ടകളുടെ ആക്രമണം ന്യായീകരിക്കാനും കേസ് അട്ടിമറിക്കാനും രാജസ്ഥാൻ പൊലീസ് നീക്കം തുടങ്ങി. ആക്രമിക്കപ്പെട്ടവർ പശുകള്ളക്കടത്തുകാരാണെന്നും അക്രമികൾ സ്വയരക്ഷക്ക് വെടിവെച്ചതാണെന്നും രാജസ്ഥാൻ പൊലീസ് പറയുന്നു. കേസ് അട്ടിമറിക്കാനും ഇരകളെ അക്രമികളാക്കാനും നടക്കുന്ന നീക്കത്തിൽ പ്രതിഷേധിച്ച് നിരവധി സംഘടനകൾ സംയുക്തമായി ഇന്ത്യാഗേറ്റിലെ ബികാനീർ ഹൗസിലേക്ക് മാർച്ച് നടത്തി.
കൊല്ലപ്പെട്ട ഉമർ മുഹമ്മദിനെതിരെ ഭരത്പുരിലും ദൗസയിലും അഞ്ചാറ് കേസുകളുണ്ടെന്നും ഇത് 2012ൽ രജിസ്റ്റർ ചെയ്തതാണെന്നുമുള്ള ന്യായീകരണവുമായി ആൽവർ ജില്ല പൊലീസ് സൂപ്രണ്ട് രാഹുൽ പ്രകാശ് രംഗത്തുവന്നു. ഗോരക്ഷക ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്ന് അറിഞ്ഞിട്ടും മൃതദേഹം വികൃതമാക്കി തെളിവ് നശിപ്പിക്കാൻ ശ്രമം നടത്തിയിട്ടും കേസിനും അറസ്റ്റിനും മടിച്ച രാജസ്ഥാൻ പൊലീസ് പശുക്കടത്തിനാണ് ആദ്യമേ കേസ് രജിസ്റ്റർ ചെയ്തത്. ഗുണ്ടകൾ വെടിവെച്ചുകൊന്നത് മറച്ചുവെക്കാൻ വേണ്ടി 15 കി. മീ. അകലെയുള്ള െറയിൽപാളത്തിൽ മൃതദേഹം കൊണ്ടുപോയി വികൃതമാക്കിയിരുന്നു.
എന്നാൽ, വെടിയേറ്റ ഭാഗത്ത് െട്രയിൻ കയറാതിരുന്നതിനാൽ തെളിവ് നശിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ഇതേത്തുടർന്നാണ് ആക്രമിക്കപ്പെട്ടവർ മോഷ്ടാക്കളാണെന്നും ഗോരക്ഷക ഗുണ്ടകൾ സ്വയരക്ഷക്ക് വെടിവെച്ചതാണെന്നുമാണ് പൊലീസ് ഭാഷ്യം ചമച്ചത്. ഇതിൽ പ്രതിഷേധിച്ച് ഉമർ മുഹമ്മദിെൻറ കുടുംബവും വിവിധ സംഘടനകളും ജയ്പുരിൽ മുഖ്യമന്ത്രിയുടെ വസതിയിലേക്കും ന്യൂഡൽഹിയിൽ ബികാനീർ ഹൗസിലേക്കും മാർച്ച് നടത്തി.
ഹിന്ദുക്കളുടെ പേരിൽ ഗോരക്ഷക ഗുണ്ടകൾ നടത്തുന്ന ആക്രമണത്തെ തള്ളിപ്പറയാൻ ഹിന്ദുക്കൾ മുന്നോട്ടുവരേണ്ട സമയം അതിക്രമിച്ചതായി മാർച്ചിൽ സംസാരിച്ച ഡൽഹി സർവകലാശാല പ്രഫ. അപൂർവാനന്ദ് പറഞ്ഞു. സമരം രാഷ്ട്രീയമാക്കി മാറ്റണമെന്നും കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുള്ള ബി.ജെ.പി സർക്കാറുകളെ ഭരണത്തിൽ നിന്നിറക്കാതെ ഇൗ അതിക്രമം അവസാനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഹീനമായ പ്രവർത്തനങ്ങളിലൂടെ രാജ്യത്ത് ഹിന്ദുരാഷ്ട്രമുണ്ടാക്കാമെന്നത് തങ്ങൾ ജീവിച്ചിരിക്കുന്നിടത്തോളം കേവലം സ്വപ്നമായി അവശേഷിക്കുമെന്ന് ആനി രാജ അഭിപ്രായപ്പെട്ടു. ഉവൈസ് അഹ്മദ്, കവിത കൃഷ്ണൻ, രാജേഷ് സിങ്, മീരാൻ ഹൈദർ, സ്നേഹലത ശുക്ല, ഉമർഖാലിദ്, സുറൂർ മന്ദർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.