ന്യൂഡൽഹി: രാജസ്ഥാനിൽ കൊമ്പുകോർത്ത മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും യുവനേതാവ് സചിൻ പൈലറ്റുമായി ഒരു മാസത്തിനു ശേഷം മുഖാമുഖം. ഹൈകമാൻഡ് ഇടപെടലിനൊടുവിൽ ഉടക്ക് അവസാനിപ്പിച്ച് ഒത്തുതീർപ്പിന് തയാറായ ഇരുവരും, നിയമസഭ സമ്മേളനം വെള്ളിയാഴ്ച തുടങ്ങാനിരിക്കേയാണ് നേരിൽ കണ്ടത്. കണ്ടുമുട്ടിയപ്പോൾ കോവിഡ് അകലം മാറ്റിനിർത്തി ചിരി, ഹസ്തദാനം. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായിരുന്നെങ്കിലും, ഒന്നര വർഷമായി ഇരുവരും പരസ്പരം സംസാരിച്ചിട്ടില്ലെന്നായിരുന്നു വാർത്ത.
സംസ്ഥാനത്തുനിന്നുള്ള എം.പി കൂടിയായ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിെൻറ സാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വസതിയിലെ ഒത്തുചേരൽ. ക്ഷമിച്ചും പൊറുത്തും മുന്നോട്ടുപോകാനുള്ള ആഹ്വാനം മുഖ്യമന്ത്രി രാവിലെത്തെന്ന ട്വിറ്ററിൽ നൽകിയത് ഇതിനിടയിൽ ശ്രദ്ധേയമായി.
ഇതിനിടെ, വെള്ളിയാഴ്ച തുടങ്ങുന്ന നിയമസഭ സമ്മേളനത്തിൽ ഗെഹ്ലോട്ട് സർക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ബി.ജെ.പി തീരുമാനിച്ചു. പൈലറ്റ് നടത്തിയ വിമത നീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് വിശ്വാസ വോട്ടെടുപ്പു കൂടി ഉദ്ദേശിച്ച് ഗെഹ്ലോട്ട് നിയമസഭ സമ്മേളനം വിളിച്ചുചേർത്തത്. എന്നാൽ, ഇതിനിടയിലാണ് ഒത്തുതീർപ്പുണ്ടായത്. നിലവിലെ സാഹചര്യങ്ങളിൽ അവിശ്വാസ പ്രമേയം പാസാകില്ല. കോൺഗ്രസിൽ ലയിച്ച ആറ് ബി.എസ്.പി എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന ഹരജി തിരക്കിട്ട് പരിഗണിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി തീരുമാനിച്ചതും ഗെഹ്ലോട്ടിന് അനുകൂലമായി.
ബദലായി കോൺഗ്രസിെൻറ വിശ്വാസ വോട്ട്
ന്യൂഡൽഹി: രാജസ്ഥാൻ നിയമസഭ സമ്മേളനത്തിൽ ഗെഹ്ലോട്ട് സർക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള ബി.ജെ.പി തീരുമാനത്തിനു പിന്നാലെ, മറുമരുന്നുമായി കോൺഗ്രസ്. നിയമസഭയിൽ താൻ വിശ്വാസ വോട്ട് തേടുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി വിശ്വാസ വോട്ടു തേടാൻ നോട്ടീസ് നൽകിയാൽ, ചട്ടപ്രകാരം അത് നിലനിൽക്കും; അവിശ്വാസ പ്രമേയ നോട്ടീസ് തള്ളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.