അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്കോട്ടിലുണ്ടായ കോവിഡ് മരണങ്ങളെ കുറിച്ച് ചോദിച്ചാൽ മുനിസിപ്പൽ കോർപറേഷൻ നൽകുന്ന ഉത്തരം 94 എന്നാകും. മുഖ്യമന്ത്രി വിജയ് രൂപാനിയോടാണ് ഇതേ ചോദ്യം ചോദിച്ചതെങ്കിൽ 131 കോവിഡ് മരണമെന്നാകും മറുപടി. എന്നാൽ സെപ്റ്റംബർ 25 വരെ നഗരത്തിലെ വിവിധ ശ്മശാനങ്ങളിലായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്കരിച്ചത് ആയിരത്തിലേറെ മൃതദേഹങ്ങളാണെന്നാണ് റിപ്പോർട്ട്.
രാജ്കോട്ടിലെ നാലു ൈവദ്യുത ശ്മശാനങ്ങളിലെയും ആറ് സെമിത്തേരികളിലെയും രേഖകൾ പരിശോധിച്ചതിൽ നിന്നും 1247 മൃതദേഹങ്ങൾ കോവിഡ് മാനദണ്ഡപ്രകാരം സംസ്കരിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ച് മരിച്ചവരിൽ കൂടുതൽ പേരെയും വൈദ്യുത ശ്മശാനത്തിലാണ് ദഹിപ്പിച്ചത്.
ആഗസ്റ്റിൽ 1736 മരണങ്ങളും സെപ്റ്റംബറിൽ 2087 മരണങ്ങളും ഉണ്ടായിട്ടുണ്ടെന്ന് കോർപറേഷൻ ജീവനക്കാരൻ പറയുന്നു. എന്നാൽ മരണകാരണം വ്യക്തമാക്കാൻ ഇവർ തയാറല്ല. കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടി മരണങ്ങൾ ഉണ്ടായെന്നാണ് ഇവർ പറയുന്നത്. എന്നാൽ രാജ്കോട്ട് മുനിസിപ്പൽ കമീഷണർ ഉദിത് അഗർവാൾ ഇക്കാര്യം നിഷേധിച്ചു.
നഗരത്തിലെ ഏറ്റവും വലിയ ശ്മശാനമായ രാമനാഥപരാ മുക്തി ധാമിൽ 2019 ൽ ആകെ 1876 മൃതദേഹങ്ങളാണ് സംസ്കരിച്ചത്. എന്നാൽ 2020 സെപ്റ്റംബർ 21 വരെയുള്ള കണക്ക് പ്രകാരം 3000ത്തോളം മൃതദേഹങ്ങൾ ദഹിപ്പിച്ചു. കോവിഡുമായി ബന്ധപ്പെട്ട് മൂന്നുമാസത്തിനിടെ സർക്കാർ മാനദണ്ഡപ്രകാരം 659 മൃതദേഹങ്ങൾ ഇവിടെ സംസ്കരിച്ചിട്ടുണ്ട്. കോവിഡുമായി ബന്ധപ്പെട്ട് ജൂലൈയിൽ 102 ഉം ആഗസ്റ്റിൽ 334 ഉം സെപ്റ്റംബറിൽ 223 ഉം മൃതദേഹങ്ങൾ സംസ്കരിച്ചുവെന്നാണ് ശ്മശാന അധികൃതർ വ്യക്തമാക്കുന്നത്.
രാജ്കോട്ടിലെ മോട്ട മാവ ശ്മശാനത്തിലെ ജീവനക്കാർക്കും മരണനിരക്ക് ഇരട്ടിയായതിനെകുറിച്ച് തന്നെയാണ് പറയാനുള്ളത്. നഗരത്തിനോട് ചേർന്നുകിടക്കുന്ന ജാംനഗർ, മോർബി, പോർബന്തർ, ജുനഗഡ്, ഗൊണ്ടാൽ തുടങ്ങിയ ഗ്രാമങ്ങളിൽ നിന്നും മൃതദേഹം സംസ്കരിക്കാൻ മോട്ട മാവ ശ്മശാനത്തിലേക്കാണ് മൃതദേഹങ്ങൾ എത്തിക്കാറുള്ളത്. ജൂൺ മുതൽ സെപ്റ്റംബർ വരെ കോവിഡുമായി ബന്ധപ്പെട്ട് 228 മൃതദേഹങ്ങൾ സംസ്കരിച്ചുവെന്ന് ജീവനക്കാർ പറയുന്നു.
നഗരത്തിലെ മഹുദി ശ്മശാനത്തിൽ സെപ്തംബർ 15 വരെ 65 മൃതദേഹങ്ങളും സൊറാതിയ വാദി ശ്മശാനത്തിൽ 283 മൃതദേഹങ്ങളും കോവിഡ് മാനദണ്ഡപ്രകാരം ദഹിപ്പിച്ചുവെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.