ന്യൂഡല്‍ഹി: ഇറാനിെലത്തിയ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഇറാന് പ്രതിരോധമന്ത്രി ആമിര്‍ ഹാതമിയുമായി കൂടിക്കാഴ്ച നടത്തി. ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിയില്‍ പങ്കെടുത്ത് റഷ്യയില്‍നിന്നുള്ള മടക്കയാത്രയിലാണ് മുന്‍കൂട്ടി നിശ്ചയിക്കാതെ രാജ്നാഥ് ഇറാനിലിറങ്ങിയത്.
ഉഭയകക്ഷി, മേഖല, അന്തര്‍ദേശീയ വിഷയങ്ങള്‍ക്കൊപ്പം ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ വിഷയവും ഹാതമിയുമായി രാജ്നാഥ് ചര്‍ച്ചചെയ്തു. ഷാങ്ഹായിയിൽ നിരീക്ഷകരാജ്യ പദവിയിലായിരുന്നു ഇറാന്. ഇറാന് സൈനിക കമാന്‍ഡര്‍ ജനറല്‍ സുലൈമാനിയെ അമേരിക്ക കൊലപ്പെടുത്തിയശേഷം ഇന്ത്യയുടെ ആദ്യ നയതന്ത്ര സന്ദര്‍ശനമാണിത്.
ഇറാനിലെ ഛാബഹാര്‍ തുറമുഖ നിര്‍മാണത്തില്‍നിന്ന് ഇന്ത്യയെ ഒഴിവാക്കിയശേഷം നടക്കുന്ന സന്ദര്ശനംകൂടിയായിരുന്നു രാജ്നാഥിേൻറത്. ഇന്ത്യയെ അഫ്ഗാനിസ്താനുമായി ബന്ധിപ്പിക്കുന്ന തുറമുഖ പദ്ധതി പശ്ചിമേഷ്യയിലേക്കും അഫ്ഗാനിസ്താനിലേക്കുമുള്ള ഇന്ത്യയുടെ കവാടമാകുമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു.
ജനസംഖ്യയുടെ 95 ശതമാനവും ശിയാക്കളുള്ള ഇറാന്, വലിയൊരു വിഭാഗം ശിയാക്കൾ താമസിക്കുന്ന ലഖ്നോ ലോക്സഭ മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്ന രാജ്നാഥുമായി ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യുകയായിരുന്നു. സാധാരണ നയതന്ത്രചര്‍ച്ചകളില്‍ പാലിക്കാറുള്ള പ്രോട്ടോക്കോളില്‍നിന്ന് വ്യതിചലിച്ചായിരുന്നു ഇത്. ഇന്ത്യയില്‍ എല്ലാ ന്യൂനപക്ഷങ്ങളും സുരക്ഷിതരായിരിക്കുമെന്ന് ഹാതമിക്ക് രാജ്നാഥ് ഉറപ്പുനല്‍കി. ഇന്ത്യയില്‍ എല്ലാ മതവിഭാഗക്കാരും ഒരുമിച്ചുജീവിക്കുന്ന ബഹുസ്വര സംസ്കാരമാണുള്ളതെന്നും രാജ്നാഥ് പറഞ്ഞതായി ഒൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
അഫ്ഗാനിസ്താൻ സര്‍ക്കാറും താലിബാനും തമ്മിലുള്ള സമാധാനപ്രക്രിയ ചര്‍ച്ചയില്‍ വന്നു. ഇരുകൂട്ടരും ഉഭയകക്ഷി, മേഖല, അന്തര്‍ദേശീയ വിഷയങ്ങള്‍ ചര്‍ച്ചചെയ്തുവെന്ന് ഇറാന് ഞായറാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. അഫ്ഗാന് പ്രശ്നം ചര്‍ച്ചയുടെ പ്രധാന വിഷയമായിരുന്നുവെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അമേരിക്കയിലെ ട്രംപ് ഭരണകൂടവും ഇറാന് ഭരണകൂടവും തമ്മിലുള്ള സംഘര്‍ഷാവസ്ഥ ഇന്ത്യന്‍ പ്രതിരോധമന്ത്രിയുമായി ചര്‍ച്ചചെയ്തുവെന്ന് ഇറാന് ഒൗദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. ഇറാനുമായി ബന്ധം മെച്ചപ്പെടുത്തിയ ചൈനയുമായുള്ള ഇന്ത്യയുടെ അതിര്‍ത്തി സംഘര്‍ഷവും ചർച്ചയിൽ ഉയർന്നതായി അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.