ന്യൂഡൽഹി: പുതുവത്സര ആഘോഷങ്ങൾ അടങ്ങിയതോടെ, നിർണായകമായ ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്കും ആരവങ്ങളിലേക്കും രാജ്യം. തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഭരണ-പ്രതിപക്ഷ പാർട്ടികൾ ഇതിനകം തുടക്കമിട്ട കരുനീക്കങ്ങൾക്ക് ഇനിയുള്ള ആഴ്ചകളിൽ ഗതിവേഗം കൂടും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ തെരഞ്ഞെടുപ്പ് കമീഷൻ അംഗങ്ങൾ അടുത്തയാഴ്ച സംസ്ഥാന സന്ദർശനങ്ങൾ ആരംഭിക്കുകയാണ്.
മേയ് അവസാനംവരെയുള്ള അഞ്ചു മാസങ്ങൾ തെരഞ്ഞെടുപ്പ് ചൂടിലൂടെയാണ് കടന്നുപോവുക. ഫെബ്രുവരി ആദ്യവാരം നടക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ വോട്ട്-ഓൺ അക്കൗണ്ട് പാസാക്കി പിരിയും. 17ാം ലോക്സഭയുടെ അവസാന സമ്മേളനമാണ് അത്. പുതിയ സർക്കാറാണ് അടുത്ത ബജറ്റ് അവതരിപ്പിക്കേണ്ടതെന്നിരിക്കെ, അതുവരെയുള്ള ഭരണ ചെലവുകൾക്ക് തുക വകയിരുത്തുന്ന വോട്ട് ഓൺ അക്കൗണ്ട് മാത്രമാണ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിക്കുക.
2019ൽ ലോക്സഭ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത് മാർച്ച് 10നാണ്. ഏപ്രിൽ 11 മുതൽ മേയ് 19 വരെ ഏഴു ഘട്ടങ്ങളായി നടന്ന വോട്ടെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചത് മേയ് 23ന്. പുതിയ സർക്കാർ അധികാരമേൽക്കുന്നതുവരെയുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കേണ്ട തെരഞ്ഞെടുപ്പ് കമീഷൻ, സുരക്ഷ അടക്കമുള്ള വിവിധ സാഹചര്യങ്ങൾ വിലയിരുത്തുന്ന പ്രവർത്തനങ്ങളിലേക്കാണ് അടുത്തയാഴ്ച കടക്കുന്നത്. വിവിധ പാർട്ടി പ്രതിനിധികൾ, പൊലീസിലും ഭരണതലത്തിലുമുള്ള മുതിർന്ന ഉദ്യോഗസ്ഥർ, സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എന്നിവരുമായി കമീഷൻ ചർച്ച നടത്തും.
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ, കമീഷണർമാരായ അനൂപ് ചന്ദ്ര പാണ്ഡെ, അരുൺ ഗോയൽ എന്നിവർ ഞായർമുതൽ ചൊവ്വവരെയുള്ള ദിവസങ്ങളിൽ ആന്ധ്രപ്രദേശും തമിഴ്നാടും സന്ദർശിക്കും. ഇതിനു മുന്നോടിയായി രണ്ടു സംസ്ഥാനങ്ങളിലെയും ഒരുക്കങ്ങളെക്കുറിച്ച് ഉപ തെരഞ്ഞെടുപ്പ് കമീഷണർമാർ ശനിയാഴ്ച സമ്പൂർണ കമീഷൻ യോഗത്തിൽ വിശദീകരണം നൽകും. ഡെപ്യൂട്ടി കമീഷണർമാർ മേൽനോട്ടം വഹിക്കാൻ ഇതിനകം മിക്ക സംസ്ഥാനങ്ങളും സന്ദർശിച്ചു കഴിഞ്ഞിട്ടുണ്ട്.
പ്രവാസി വോട്ട് മരീചിക
ന്യൂഡൽഹി: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിലും നാട്ടിലില്ലാത്ത പ്രവാസികൾക്ക് വോട്ട് ചെയ്യാൻ സൗകര്യമുണ്ടാവില്ല. ഓൺലൈൻ വോട്ടെടുപ്പ് അടക്കമുള്ള സാധ്യതകൾ ചർച്ചകളായിത്തന്നെ തുടരുന്നു. നടപടിക്രമങ്ങൾ എവിടെയും എത്തിയിട്ടില്ല. ഇനിയുള്ള ചുരുങ്ങിയ സമയത്തിനുള്ളിൽ നടപ്പാക്കാനുമാവില്ല. ജമ്മു-കശ്മീരിലെ തെരഞ്ഞെടുപ്പിന്റെ കാര്യത്തിലും അനിശ്ചിതത്വം ബാക്കി. വനിത സംവരണ നിയമം കൊണ്ടുവന്നതും ലോക്സഭ തെരഞ്ഞെടുപ്പിൽ കടലാസിൽത്തന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.