ന്യൂഡൽഹി: രാജ്യസഭാ ഉപതെരഞ്ഞെടുപ്പിലേക്കുള്ള നാല് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി. അസം, ഹിമാചൽ പ്രദേശ്, ത്രിപുര, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് ബി.ജെ.പി പ്രഖ്യാപിച്ചത്. അസമിൽ പബിത്ര മാർഗരിറ്റ, ഹിമാചൽ പ്രദേശിൽ സിക്കന്ദർ കുമാർ, ത്രിപുരയിൽ മാനിക് സാഹ, നാഗാലാൻഡിൽ ഫാനൻ കൊനിയാക് എന്നിങ്ങനെയാണ് പാർട്ടി വെള്ളിയാഴ്ച ഔദ്യോഗികമായി പുറത്തുവിട്ട പേരുകളുടെ പട്ടിക. കൂടാതെ അസമിൽ യുനൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലിന്‍റെ (യു.പി.പി.എൽ) വർക്കിംഗ് പ്രസിഡന്റായി റംഗ്വ്ര നർസാരിയുടെ പേരും നിർദേശിച്ചിട്ടുണ്ട്.
അതേസമയം കേരളത്തിൽ നിന്ന് ജെബി മേത്തറിനെയും അസമിലെ റിപുൺ ബോറെയയും രാജ്യസഭാ സ്ഥാനാർഥികളായി കോൺഗ്രസ് പ്രഖ്യാപിച്ചു. കേരള മഹിളാ കോൺഗ്രസ് അധ്യക്ഷയാണ് ജെബി. അസമിൽ കോൺഗ്രസ് പ്രസിഡന്‍റായിരുന്ന ബോറ രണ്ടാം തവണയാണ് സ്ഥാനാർഥി പട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
ആറ് സംസ്ഥാനങ്ങളിലായി 13 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച് 31ന് നടക്കും. കേരളത്തിൽ നിന്ന് മൂന്ന് സീറ്റുകളും അസമിൽ രണ്ടും ഹിമാചൽ പ്രദേശ്, നാഗാലാൻഡ്, ത്രിപുര എന്നിവിടങ്ങളിൽ ഓരോ സീറ്റുകൾ വീതവുമാണുണ്ടാവുക. ഏപ്രിൽ 9 ന് പഞ്ചാബിലെ അഞ്ച് സീറ്റുകളിൽ അംഗങ്ങൾ വിരമിക്കും. നാമനിർദേശ പട്ടികകളുടെ സൂക്ഷ്മ പരിശോധന മാർച്ച് 22 ന് നടത്തും. വോട്ടെണ്ണൽ മാർച്ച് 31 ന് വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.