രാജ്യസഭ തെരഞ്ഞെടുപ്പ്: രാജസ്ഥാനിൽ എം‌.എൽ.‌എമാരെ റിസോർട്ടിലാക്കി കോൺഗ്രസ്

ജയ്പുർ\ചണ്ഡിഗഢ്: ജൂൺ 10ന് രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തങ്ങളുടെ എം.എൽ.എമാരെ റിസോർട്ടിലാക്കി കോൺഗ്രസ്. ബി.ജെ.പി ചാക്കിട്ടേക്കുമെന്ന ആശങ്ക മുൻനിർത്തിയാണ് രാജസ്ഥാനിൽനിന്നുള്ള 40 എം.എൽ.എമാരെയും ചില സ്വതന്ത്രരെയും ഉദയ്പുരിലെ റിസോർട്ടിലേക്ക് മാറ്റിയത്. നാല് സീറ്റുകളിലേക്കാണ് രാജസ്ഥാനിൽ തെരഞ്ഞെടുപ്പ്. രണ്ട് സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയിലെ എം.എൽ.എമാരെ പാർട്ടി ഭരിക്കുന്ന ഛത്തിസ്ഗഢിലേക്ക് മാറ്റാനാണ് തീരുമാനം.

ജയ്പുരിലെ ഹോട്ടലിൽ നടന്ന കോൺഗ്രസ് ശിൽപശാലയിൽ പങ്കെടുത്ത നിയമസഭാംഗങ്ങളെയും മറ്റ് നേതാക്കളെയും ഉച്ചഭക്ഷണത്തിനായി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ വസതിയിലേക്ക് ക്ഷണിച്ചിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം എം.എൽ.എമാരെ പൊലീസ് അകമ്പടിയോടെ ആഡംബര ബസിലാണ് ഉദയ്പുരിലേക്ക് മാറ്റിയത്. ഹരിയാനയിലെ 31 നിയമസഭാംഗങ്ങളെയും വ്യാഴാഴ്ച ഡൽഹിയിലേക്ക് വിളിപ്പിച്ച നേതൃത്വം ഇവരെ ഛത്തിസ്ഗഢിലേക്ക് കൊണ്ടുപോകാനാണ് സാധ്യതയെന്ന് പാർട്ടിവൃത്തങ്ങൾ അറിയിച്ചു. ഡൽഹിയിലെ രാജ്യസഭ എം.പി ദീപേന്ദർ ഹൂഡയുടെ വസതിയിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. അതേസമയം, ആദംപുർ നിയമസഭാംഗം കുൽദീപ് ബിഷ്‌ണോയി തലസ്ഥാനത്ത് എത്താത്തത് അഭ്യൂഹങ്ങൾ ഉയർത്തിയിട്ടുണ്ട്. സംസ്ഥാന സംഘടന പുനരുദ്ധാരണ വേളയിൽ പാർട്ടി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാത്തതിനാൽ നേതൃത്വവുമായി അസ്വാരസ്യത്തിൽ കഴിയുന്ന നേതാവാണ് കുൽദീപ് ബിഷ്‌നോയി.  

Tags:    
News Summary - Rajya Sabha polls: Congress shelters MLAs in Rajasthan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.