രാജ്യസഭ ഉപാധ്യക്ഷനെതിരെ പ്രതിപക്ഷ അവിശ്വാസ നോട്ടീസ് തള്ളി

ന്യൂഡൽഹി: രാജ്യസഭ ഉപാധ്യക്ഷനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയ നോട്ടീസ്​ രാജ്യസഭ തള്ളി. 47 അംഗങ്ങൾ ഹരിവംശ്​ സിങ്ങിനെതിരെ നൽകിയ അവിശ്വാസ പ്രമേയ നോട്ടീസ് ആണ് തള്ളിയത്​. സഭാചട്ട പ്രകാരം നോട്ടീസ് അനുവദിക്കാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അധ്യക്ഷൻ വെങ്കയ്യ നായിഡുവിനെ നടപടി.

വിവാദ കാർഷിക ബില്ലിൽ വോ​ട്ടെടുപ്പ്​ ആവശ്യപ്പെട്ടിട്ടും വഴങ്ങാതെ പക്ഷപാതപരമായി പ്രവർത്തിച്ചുവെന്നതാണ്​ ഉപാധ്യക്ഷനെതിരാ‍യ അവിശ്വാസ പ്രമേയ നോട്ടീസിൽ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്. വോ​ട്ടെടുപ്പ്​ ആവശ്യപ്പെട്ടിട്ടും തിരക്കിട്ട്​ ബിൽ പാസാക്കാനാണ്​ ഉപാധ്യക്ഷൻ ശ്രമിച്ചത്. ബോധപൂർവം സുരക്ഷ ഉദ്യോഗസ്​ഥരെ രാജ്യസഭക്കുള്ളിൽ അണിനിരത്തി. പ്രതിപക്ഷാംഗങ്ങൾക്ക്​ സംസാരിക്കാൻ വേണ്ടത്ര സമയം നൽകിയില്ലെന്നും​ നോട്ടീസിൽ കുറ്റപ്പെടുത്തിയിരുന്നു.

രാജ്യസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഉപാധ്യക്ഷനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ്​ നൽകുന്നത്.

അതേസമയം, കർഷക ബിൽ ചർച്ചക്കിടെ രാജ്യസഭയിൽ പ്രതിഷേധിച്ച കേരള എം.പിമാർ അടക്കം എട്ട് പേരെ അധ്യക്ഷൻ സസ്പെൻഡ് ചെയ്തിരുന്നു. കേരളീയരായ കെ.കെ. രാഗേഷ്, എളമരം കരീം (സി.പി.എം), ഡെറിക് ഒബ്രിയാൻ, ദോല സെൻ (തൃണമൂൽ കോൺഗ്രസ്), രാജു സതവ്, റിപുൻ ബോറ, സഈദ് നാസിർ ഹുസൈൻ (കോൺഗ്രസ്), സഞ്ജയ് സിങ് (എ.എ.പി) എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സഭാ നടപടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് ഒരാഴ്ചത്തേക്കാണ് അച്ചടക്ക നടപടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.