സുപ്രീംകോടതി ഇടപെട്ടു; രാഘവ് ഛദ്ദ രാജ്യസഭയിൽ

ന്യൂഡൽഹി: സുപ്രീംകോടതി ഇടപെടലിനെ തുടർന്ന് ആം ആദ്മി പാർട്ടി എം.പി രാഘവ് ഛദ്ദയു​ടെ സസ്​പെൻഷൻ രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖർ പിൻവലിച്ചു. തിങ്കളാഴ്ച അവകാശ ലംഘന കമ്മിറ്റി യോഗം ചേർന്നതിന് പിന്നാലെയാണ് സസ്​പെൻഷൻ പിൻവലിച്ചത്. ഇതേ തുടർന്ന് 115 ദിവസത്തിന് ശേഷം ​തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് രാഘവ് ഛദ്ദ രാജ്യസഭയിലെത്തി.

ഛദ്ദയുടെ സസ്​പെൻഷൻ പിൻവലിക്കാനായി ബി.ജെ.പി എം.പി ജി.വി.എൽ നരസിംഹ റാവു അവതരിപ്പിച്ച പ്രമേയം സഭ അംഗീകരിച്ചു. സുപ്രീംകോടതി ഇടപെടലാണ് തന്റെ സസ്​പെൻഷൻ പിൻവലിക്കാൻ കാരണമായതെന്ന് രാഘവ് ഛദ്ദ പറഞ്ഞു. ഒരു പ്രമേയത്തിലൂടെയാണ് തന്നെ സസ്​പെൻഡ് ചെയ്തത്. സസ്​പെൻഷനിലായ 115 ദിവസം ജനങ്ങൾക്കായി ചോദ്യങ്ങൾ ചോദിക്കാൻ തനിക്കായില്ലെന്നും ഛദ്ദ ചൂണ്ടിക്കാട്ടി. സസ്​പെൻഷൻ പിൻവലിച്ചതിന് സുപ്രീംകോടതിക്കും രാജ്യസഭാ ചെയർമാനും ഛദ്ദ നന്ദി പറഞ്ഞു.

നവമ്പർ മൂന്നിന് പുറപ്പെടുവിച്ച ഉത്തരവിലൂടെയാണ് അനിശ്ചിതകാല സസ്​പെൻഷന് വിധേയമായ രാഘവ് ഛദ്ദക്ക് സുപ്രീംകോടതി രാജ്യസഭയിലേക്ക് വഴിയൊരുക്കിയത്. രാജ്യസഭാ ചെയർമാന് മുമ്പാകെ ഹാജരായി രാഘവ് ഛദ്ദ മാപ്പു പറയണമെന്നും അതിനോട് ചെയർമാൻ അനുഭാവപൂർണമായ സമീപനം തിരിച്ച് കാണിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിക്കുകയായിരു

ന്നു. എല്ലാ തരം ആളുകളുടെയും ശബ്ദം കേൾക്കേണ്ട ഇടമായ പാർലമെന്റിൽ നിന്ന് ചില ശബ്ദങ്ങളെ പുറത്താക്കുന്നതിൽ ബെഞ്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. അനിശ്ചിതകാലത്തേക്കുള്ള രാഘവ് ഛദ്ദയുടെ രാജ്യസഭാ സസ്​പെൻഷൻ ജനപ്രാതിനിധ്യവുമായി ബന്ധപ്പെട്ട വിഷയമാണെന്നും സഭാ നടപടി തടസപ്പെടുത്തിയാൽ പോലും ആ സമ്മേളനം കഴിയും വരെ മാത്രമാണ് സസ്​പെൻഷൻ എന്ന് ബെഞ്ച് ഓർമിപ്പിച്ചു. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിലാണ് രാഘവ് ഛദ്ദയെ ചെയർമാൻ അനിശ്ചിതകാലത്തേക്ക് സസ്​പെൻഡ് ചെയ്തത്.

Tags:    
News Summary - Rajya Sabha revokes suspension of AAP MP Raghav Chadha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.