ആൽവാർ (രാജസ്ഥാൻ): രാജസ്ഥാനിൽ ക്ഷീരകർഷകൻ റക്ബർ ഖാെൻറ കൊലപാതകത്തിൽ ഗോരക്ഷക ഗുണ്ടകളെ രക്ഷിക്കാൻ ആസൂത്രിതശ്രമം നടക്കുന്നതായി സംഭവസ്ഥലം സന്ദർശിച്ച വസ്തുതാന്വേഷണ സംഘത്തിന് ബോധ്യമായി.
ആക്രമണത്തിന് നേതൃത്വം നൽകിയ വി.എച്ച്.പി പ്രവർത്തകരും അവരെ പിന്തുണക്കുന്ന സ്ഥലം എം.എൽ.എ ഗ്യാൻ ദേവ് അഹുജയും പൊലീസും ചേർന്നുള്ള ഒത്തുകളിയാണ് വെളിപ്പെട്ടത്. ഗോരക്ഷക ഗുണ്ടകളുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ റക്ബർ ഖാൻ പൊലീസ് കസ്റ്റഡിയിലാണ് കൊല്ലപ്പെട്ടതെന്ന് സമർഥിക്കാൻ വി.എച്ച്.പി പ്രവർത്തകരും എം.എൽ.എയും കഥകൾ മെനയുകയാണെന്നാണ് സംഭവസ്ഥലത്തുണ്ടായിരുന്നവർ, ആശുപത്രി അധികൃതർ, റക്ബർ ഖാെൻറ ബന്ധുക്കൾ തുടങ്ങിയവരിൽനിന്ന് ശേഖരിച്ച വിവരങ്ങളിൽ വ്യക്തമാകുന്നത്.
തങ്ങൾ പൊലീസിൽ ഏൽപിക്കുേമ്പാൾ പരിക്കൊന്നുമുണ്ടായിരുന്നില്ലെന്ന് തെളിയിക്കാൻ ആക്രമണത്തിന് നേതൃത്വം നൽകിയെന്ന് സംശയിക്കുന്ന ഗോരക്ഷക സെൽ ചീഫ് നവൽ കിഷോർ പുറത്തുവിട്ട റക്ബർ ഖാെൻറ ഫോേട്ടായാണ് വി.എച്ച്.പി പ്രവർത്തകർ എടുത്തുകാട്ടുന്നത്.
അതേസമയം, രാംഗഢ് പൊലീസ് സ്റ്റേഷൻ എസ്.െഎ സുഭാഷ് ചന്ദ്രയുടെ വാദം മറ്റൊന്നാണ്. പുലർച്ച 12.45ന് നവൽ കിഷോർ എന്നയാൾ വിളിച്ച് ലാൽവാണ്ടി പ്രദേശത്ത് പശുക്കൊള്ളക്കാരനെ പിടികൂടിയിട്ടുണ്ടെന്ന് അറിയിച്ചു.
കുറച്ചുകഴിഞ്ഞ് ഇയാൾ പൊലീസ് സ്റ്റേഷനിൽ നേരിെട്ടത്തി തങ്ങളെ സംഭവസ്ഥലത്തേക്ക് കൊണ്ടുപോയി. പുലർച്ച നാലുമണിയോടെ റക്ബർ ഖാനെ പൊലീസ് ആശുപത്രിയിലെത്തിച്ചു. പശുക്കളെ ആറ് കിലോമീറ്ററുകൾക്കപ്പുറം സുധസാഗർ ഗോശാലയിലാക്കി. റക്ബറിനെ തങ്ങൾ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നിട്ടില്ലെന്നും എസ്.െഎ വ്യക്തമാക്കി.
എന്നാൽ, ആശുപത്രിയിൽ കൊണ്ടുവന്നത് റക്ബർ ഖാെൻറ മൃതദേഹമായിരുന്നുവെന്നാണ് രാംഗഢ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചുമതലയിലുണ്ടായിരുന്ന ഡോ. ഹസൻ അലി ഖാൻ പറഞ്ഞത്. ‘നാലുമണിക്കാണ് മൃതദേഹം ആശുപത്രിയിൽ എത്തിച്ചത്. പോസ്റ്റ് മോർട്ടത്തെക്കുറിച്ച് പറഞ്ഞപ്പോൾ അത് ആൽവാറിൽ ചെയ്തോളാം എന്നാണ് പൊലീസ് പറഞ്ഞത്’-ഡോ. ഹസൻ അലി ഖാൻ കൂട്ടിച്ചേർത്തു.
രാവിലെ 7.30നാണ് തങ്ങളെ റക്ബർ ഖാെൻറ മരണവിവരം അറിയിക്കുന്നതെന്ന് അദ്ദേഹത്തിെൻറ ബന്ധു ഹാറൂൻ ഖാൻ പറഞ്ഞു. മൃതദേഹം ശുചീകരിക്കുേമ്പാൾ റക്ബറിെൻറ കാൽമുട്ടിലും കൈകളിലും കഴുത്തിലും ഗുരുതര പരിക്കുകൾ കണ്ടെന്നും ക്രൂരമായ മർദനമാണ് മരണകാരണമെന്നും അദ്ദേഹം വിശദീകരിച്ചു. റക്ബർ ഖാനെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രദേശത്തെ സാമൂഹിക പ്രവർത്തകരും സാമുദായിക നേതാക്കളും വിശ്വസിക്കുന്നതെന്ന് വസ്തുതാന്വേഷണ സംഘം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.