ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയോട് അനുബന്ധിച്ച് രാജ്യത്തെ നിരവധി സംസ്ഥാനങ്ങളാണ് അവധി പ്രഖ്യാപിച്ചത്. ഉത്തർപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഹരിയാന, അസം, ഉത്തരാഖണ്ഡ്, ഗോവ, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാൻ സംസ്ഥാന സർക്കാറുകൾ നിലവിൽ പ്രതിഷ്ഠ ദിനമായ ജനുവരി 22ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഉത്തർപ്രദേശിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജനുവരി 22ന് അടച്ചിടാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശം നൽകി. മദ്യശാലകളും അടച്ചിടും.ഗുജറാത്തിലും ഛത്തീസ്ഗഡിലും മധ്യപ്രദേശിലും ജനുവരി 22 ന് എല്ലാ സർക്കാർ ഓഫീസുകളും പകുതി ദിവസം അടച്ചിടും. ജനുവരി 22 ന് മധ്യപ്രദേശിലും ഹരിയാനയിലും സ്കൂളുകൾക്ക് അവധിയും ഡ്രൈ ഡേയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഒഡീഷയിലെ എല്ലാ സർക്കാർ ഓഫിസുകളും റവന്യൂ, മജിസ്റ്റീരിയൽ കോടതികളും ഉച്ചക്ക് 2:30 വരെ അവധിയായിരിക്കും.അസമിലും ഉത്തരാഖണ്ഡിലും സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ജനുവരി 22 ന് മഹാരാഷ്ട്ര സർക്കാർ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. രാജസ്ഥാൻ സർക്കാറും സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്ക് അർദ്ധ ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഗോവയിൽ എല്ലാ സർക്കാർ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അന്ന് അടച്ചിടും.
ത്രിപുരയിലുടനീളമുള്ള എല്ലാ സർക്കാർ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉച്ചക്ക് 2:30 വരെ അടച്ചിടുമെന്ന് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
ഹരിയാന സർക്കാറും ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രഭരണ പ്രദേശങ്ങളായ ചണ്ഡീഗഡിലും പുതുച്ചേരിയിലും അവധിയുണ്ട്.
വ്യാഴാഴ്ചയാണ് കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചത്. കേന്ദ്ര ധനകാര്യ വകുപ്പ് രാജ്യത്തെ ബാങ്കുകൾക്കും ഉച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുമേഖല ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ, പ്രാദേശിക, ഗ്രാമീണ ബാങ്കുകൾ എന്നിവയൊക്കെ 22ന് ഉച്ചവരെ അടഞ്ഞുകിടക്കുമെന്ന് ധനകാര്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.