രാഷ്ട്രീയത്തിെൻറ ഗതി അത്രമേൽ കൃത്യമായി അളക്കുന്ന നേതാവ്. ദേശീയ രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളായി ഉയർന്നുനിന്ന ദലിത് മുഖം. ബിഹാർ രാഷ്ട്രീയത്തിൽ മാത്രമല്ല, ദേശീയ രാഷ്ട്രീയത്തിലും അധികാര സമവാക്യങ്ങൾ നിശ്ചയിക്കുന്നതിൽ നിർണായക ശക്തിയായിനിന്ന നേതാവ്. അതെല്ലാമായിരുന്നു രാംവിലാസ് പാസ്വാൻ.
ഒരിക്കലും പിന്തിരിഞ്ഞുനിൽക്കേണ്ടിവന്നിട്ടില്ലാത്ത രാഷ്ട്രീയ മുന്നേറ്റമായിരുന്നു പാസ്വാേൻറത്. അതിനായി ഒന്നിൽനിന്ന് മറ്റൊന്നിലേക്ക്, രാഷ്ട്രീയ സഖ്യങ്ങൾ ചാടിക്കളിക്കാൻ പാസ്വാൻ മടിച്ചില്ല. രാഷ്ട്രീയത്തിൽ കാറ്റ് എങ്ങോട്ടാണെന്നു നോക്കി, അധികാരത്തിനൊപ്പം പാസ്വാൻ സഞ്ചരിച്ചു. അങ്ങനെയാണ് വി.പി. സിങ് മന്ത്രിസഭയിലും വാജ്പേയി മന്ത്രിസഭയിലും പിന്നെ മൻമോഹൻസിങ് മന്ത്രിസഭയിലും ഒടുവിൽ മോദിസർക്കാറിലും പാസ്വാൻ അംഗമായത്.
1969ൽ രാഷ്ട്രീയ ജീവിതം തുടങ്ങിയപ്പോൾ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയിൽ, പിന്നെ ലോക്ദളിൽ, അതുകഴിഞ്ഞ് ജനത പാർട്ടിയിൽ. അതിനൊടുവിൽ 2000ൽ ലോക്ജൻശക്തി പാർട്ടിക്ക് പാസ്വാൻ രൂപം കൊടുത്തു. ഹാജിപ്പൂർ മണ്ഡലത്തിൽ നിന്ന് എട്ടുതവണ ജയിച്ച പാസ്വാൻ അനാരോഗ്യം കൊണ്ടു മാത്രമാണ് ഒടുവിൽ രാജ്യസഭാംഗത്വം തെരഞ്ഞെടുത്തത്.
ബിഹാറിൽ അധികാരം ത്രിശങ്കുവിൽ നിർത്താൻ കെൽപുണ്ടെന്ന് രാംവിലാസ് പാസ്വാൻ പലവട്ടം തെളിയിച്ചിട്ടുണ്ട്. ലാലു പ്രസാദ് യാദവും നിതീഷ്കുമാറും ആ കെൽപ് കൃത്യമായി അറിഞ്ഞിട്ടുമുണ്ട്. അതിനെല്ലാമിടയിൽ സ്വന്തം സമുദായത്തിെൻറയും ദലിത് സമൂഹത്തിെൻറയും നേതാക്കളായി പാസ്വാൻ കുടുംബം തലയുയർത്തി നിന്നു. അഥവാ, പാസ്വാനും സഹോദരന്മാരും മക്കളും നേതാക്കളായ കുടുംബ പാർട്ടിയായിരുന്നു ലോക്ജൻശക്തി പാർട്ടി.
ബിഹാർ രാഷ്ട്രീയത്തെ പലപ്പോഴും ത്രിശങ്കുവിൽ നിർത്തിയിട്ടുള്ള രാംവിലാസ് പാസ്വാെൻറ വേർപാട്, പാർട്ടിയെയും ഒപ്പം ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയെയും ത്രിശങ്കുവിൽ നിർത്തിയാണ്. മകൻ ചിരാഗ് പാസ്വാെൻറ നേതൃത്വത്തിൽ എൻ.ഡി.എ വിട്ടിറങ്ങിയ ലോക്ജൻശക്തി പാർട്ടി ഇക്കുറി ഒറ്റക്കുള്ള പോരാട്ടം പ്രഖ്യാപിച്ചുകഴിഞ്ഞു. പോരാട്ടം മുഖ്യമന്ത്രി നിതീഷ്കുമാറിനോടാണ്. ബി.ജെ.പിയോടുള്ള മമതയിൽ മാറ്റമില്ല. എന്നാൽ, സഖ്യത്തിലെ പടലപ്പിണക്കം പല മണ്ഡലങ്ങളിലെയും ജയപരാജയങ്ങളെ സ്വാധീനിച്ചേക്കാം. ത്രിശങ്കുവിൽനിന്ന് പാർട്ടിയെ കണ്ടെടുക്കാനുള്ള പോരാട്ടം മകന് കൈമാറിയാണ് പാസ്വാെൻറ വിയോഗം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.