പിലിഭിത്: യു.പിയിൽ കൂട്ടബലാത്സംഗത്തിന് ഇരയായ 30 കാരി ദയാവധത്തിനായി രാഷ്ട്രപതിയെ സമീപിച്ചു. രണ്ടാം ഭർത്താവിന്റെ ആദ്യഭാര്യയിലുള്ള 28 വയസുള്ള മകനും ഭർത്താവിന്റെ സുഹൃത്തുക്കളുമാണ് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നു കാണിച്ചാണ് ദയാവധം വേണമെന്നാവശ്യപ്പെട്ട് യുവതി രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഈമാസം 20ന് കത്തെഴുതിയത്.
ബലാത്സംഗം നടന്നതായി കാണിച്ച് ഒക്ടോബർ ഒമ്പതിന് പുരാൻപുർ കോട്വാലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും കത്തിൽ സൂചിപ്പിക്കുന്നുണ്ട്. പൊലീസ് മനഃപൂർവം പ്രതികളെ അറസ്റ്റ് ചെയ്യാതിരിക്കുകയാണെന്നും ആരോപണമുണ്ട്. പ്രതികളിൽ നിന്ന് നിരന്തരം വധഭീഷണിയുണ്ടെന്നും യുവതി വെളിപ്പെടുത്തി. ജീവിതം വലിയ പ്രതിസന്ധിയിലാണെന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും അതിനാലാണ് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും പറയുന്നു.
മൂന്നുവർഷം മുമ്പ് വിവാഹ മോചിതയായ യുവതി ഈ വർഷം ജനുവരിയിലാണ് ചണ്ഡീഗഢിലെ സമ്പന്നനായ 55 വയസുള്ള കർഷകനെ വിവാഹം കഴിച്ചത്. ഇയാളും വിവാഹമോചിതനായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ രണ്ടാംഭർത്താവിന്റെ ആദ്യഭാര്യയിലുള്ള മകൻ തന്നെ മോശം ബന്ധം സ്ഥാപിക്കാൻ പ്രേരിപ്പിച്ചതായും നിരവധി തവണ ലൈംഗികമായി ചൂഷണം ചെയ്തതായും പരാതിയിൽ പറയുന്നു. പിന്നീട് ഇക്കാര്യം പുറത്തുപറഞ്ഞാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.
ഗർഭിണിയായപ്പോൾ ഡി.എൻ.എ പരിശോധന നടത്തി കുഞ്ഞിന്റെ പിതൃത്വം തെളിയിക്കുമെന്ന് പറഞ്ഞപ്പോൾ വയറ്റിൽ തൊഴിച്ച് കുഞ്ഞിനെ ഇല്ലാതാക്കി. അതിനു ശേഷവും ദുരിതം അവസാനിച്ചില്ല.
ജൂലൈ 18ന് ഭർത്താവിന്റെ സുഹൃത്ത് ഫാംഹൗസിലേക്ക് കൊണ്ടുപോയി ബന്ധുവും മറ്റ് രണ്ട് സുഹുത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. പൊലീസിൽ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. തുടർന്ന് പൊലീസ് പ്രതികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. അതുപ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തില്ല. ഇപ്പോൾ യു.പിയിലെ റായ്ബറേലിയിൽ അമ്മക്കും സഹോദരനും തന്റെ ആദ്യവിവാഹത്തിലെ മകനുമൊപ്പം കഴിയുകയാണ് യുവതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.