ന്യൂഡൽഹി: റേഷൻ വിതരണവുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കൾക്ക് പരാതി ഉന്നയിക്കാനും പരിഹാരം തേടാനും ഒാൺലൈൻ സംവിധാനം ഉടൻ ഏർപ്പെടുത്തണമെന്ന് ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയവുമായി ബന്ധപ്പെട്ട പാർലമെൻററി സമിതി ശിപാർശ. റേഷൻ വിതരണ സംവിധാനം കമ്പ്യൂട്ടർവത്കരിക്കുന്നതിൽ കേരളം ഉൾപ്പെടെയുള്ള മിക്ക സംസ്ഥാനങ്ങളും മെല്ലെപ്പോക്ക് നയമാണ് തുടരുന്നതെന്നും സമിതി കുറ്റപ്പെടുത്തി.
ഒാൺലൈൻ പരാതി പരിഹാര സംവിധാനം അതിപ്രാധാന്യം നൽകി നടപ്പാക്കണം. റേഷൻ വിതരണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇൗ വെബ്സൈറ്റിൽ ലഭ്യമാക്കണം. നൽകിയ പരാതിയിന്മേലുള്ള നടപടികളുടെ പുരോഗതി അറിയാനുള്ള സംവിധാനവും ഉണ്ടാകണം. റേഷൻ വിതരണവുമായി ബന്ധപ്പെട്ട പരാതി ബോധിപ്പിക്കാൻ ചില സംസ്ഥാനങ്ങൾ നടപ്പാക്കിയ ടോൾ ഫ്രീ ഫോൺ നമ്പർ 1967,1800 സംവിധാനം കാര്യമായ ഫലം ചെയ്യുന്നില്ല. ഇതിലേക്ക് വിളിക്കുന്ന ഫോൺവിളികൾക്ക് മിക്കപ്പോഴും മറുപടി ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്.
ഇൗ സംവിധാനം നിലവിലില്ലാത്ത സംസ്ഥാനങ്ങൾ േടാൾ ഫ്രീ നമ്പർ ഏർപ്പെടുത്താൻ അടിയന്തര നടപടി സ്വീകരിക്കണം. റേഷൻ കാർഡുകളുടെ കമ്പ്യൂട്ടർവത്കരണം ഒച്ചിഴയും വേഗത്തിലാണ് നീങ്ങുന്നതെന്ന് പാർലമെൻററി സമിതി കുറ്റപ്പെടുത്തി. കോൺഗ്രസ് എം.പി ദിവാകർ റെഡ്ഢി അധ്യക്ഷനായ സമിതിയിൽ കേരളത്തിൽ നിന്ന് ആേൻറാ ആൻറണിയും അംഗമാണ്. എല്ലാ മേഖലകളിലും യഥാവിധി റേഷൻ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ റേഷൻ വിതരണം ഒാൺലൈൻ ആക്കേണ്ടത് അനിവാര്യമാണ്. ഇക്കാര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ മുന്നേറാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങളിൽ സമ്മർദം ചെലുത്തണമെന്നും സമിതി റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.