ബംഗളൂരു: കൊച്ചി കടവന്ത്ര ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ അധോലോക കുറ്റവാളി രവി പൂജാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയിൽനിന്നെത്തിയ ക്രൈം ബ്രാഞ്ചിെൻറ തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.
രവി പൂജാരിയെ കേരളത്തിലേക്ക് കൊണ്ടുപോകാൻ പ്രൊഡക്ഷൻ വാറൻറിന് അപേക്ഷ നൽകും. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലായിരിക്കും ഇതിനുള്ള അപേക്ഷ നൽകുക. കേസിൽ രവി പൂജാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്യാൻ ബംഗളൂരുവിലെ സെഷൻസ് കോടതി കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘത്തിന് അനുമതി നൽകിയത്. കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നായിരുന്നു അന്വേഷണ സംഘം ആവശ്യപ്പെട്ടത്. എന്നാൽ, ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ റിമാൻഡിലുള്ള രവി പൂജാരിയെ ജയിൽ അധികൃതരുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യാനുള്ള അനുമതിയാണ് കോടതി നൽകിയത്.
ഇതേതുടർന്നാണ് എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ എറണാകുളത്തെത്തിച്ച് ചോദ്യം ചെയ്യാനുള്ള അപേക്ഷ നൽകുക.
2018 ഡിസംബർ 15ന് കൊച്ചിയിൽ നടി ലീന മരിയ പോളിെൻറ ബ്യൂട്ടി പാർലറിൽ നടന്ന വെടിവെപ്പായിരുന്നു കേസിനാസ്പദമായ സംഭവം. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയിൽനിന്ന് പിടിയിലായി ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലുള്ള രവി പൂജാരിക്കെതിരെ കർണാടകയിൽ മാത്രം 50ലധികം കേസുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.